സ്വന്തം ലേഖകൻ
തിരുവനന്തപുരം | 22, മാർച്ച് | 2026
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ രണ്ടുദിവസം മുൻപ് ഡൽഹിയിൽ നടന്ന അതീവ നാടകീയ നീക്കങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ മത്സരിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ നീക്കങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കടുത്ത നിലപാടിൽ പാളുകയായിരുന്നു. ഹൈക്കമാൻഡ് പ്രതിനിധിയായ വേണുഗോപാലിനെ പോലും നോക്കുകുത്തിയാക്കിയാണ് സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിന്നത്.
വേണുഗോപാലിന്റെ കണക്കുകൂട്ടലുകൾ
എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയം നിലനിൽക്കെ തന്നെ സുധാകരനായി വാദിക്കാൻ വേണുഗോപാലിനെ പ്രേരിപ്പിച്ചത് സ്വന്തം താല്പര്യങ്ങളാണെന്ന് ആക്ഷേപമുണ്ട്. സുധാകരന് ഇളവ് ലഭിച്ചാൽ ആ പഴുതിലൂടെ തനിക്കും മത്സരരംഗത്തേക്ക് വരാമെന്നായിരുന്നു വേണുഗോപാലിന്റെ കണക്കുകൂട്ടൽ. ഇതിനായി സുധാകരനെ മത്സരവാശിയിലേക്ക് എത്തിച്ചതും ഇദ്ദേഹമാണെന്ന് പറയപ്പെടുന്നു.
സതീശന്റെ ‘വെടിപൊട്ടിക്കൽ‘
എന്നാൽ സുധാകരന് അനുകൂലമായി ഹൈക്കമാൻഡ് ചായുന്നു എന്ന് കണ്ടതോടെ സതീശൻ അന്ത്യശാസനം മുഴക്കി. “സുധാകരന് സീറ്റ് നൽകാനാണ് തീരുമാനമെങ്കിൽ പറവൂരിൽ ഞാനും മത്സരിക്കുന്നില്ല, ഹൈക്കമാൻഡിന് ഉചിതമായ തീരുമാനമെടുക്കാം” എന്ന് തുറന്നടിച്ച സതീശൻ ചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിച്ച് ഡൽഹിയിൽ നിന്ന് മടങ്ങുകയായിരുന്നു. തൊട്ടുടുത്ത ദിവസം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രകടമാക്കിയ രോഷവും തട്ടിക്കയറലും ഈ അതൃപ്തിയുടെ പരസ്യമായ പ്രതിഫലനമായിരുന്നു.
പിന്മാറ്റം അനിവാര്യം
പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചക്കില്ലെന്ന് ഉറപ്പായതോടെ ഹൈക്കമാൻഡ് പ്രതിരോധത്തിലായി. ഗ്രൂപ്പ് വൈരത്തിനപ്പുറം പാർട്ടിക്കുള്ളിൽ വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാൻ ഒടുവിൽ സുധാകരന്റെ പേര് വെട്ടാൻ നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. ഇതോടെ വേണുഗോപാലിന്റെ നീക്കങ്ങളും നിഷ്പ്രഭമായി.
Content Highlights
High drama in Delhi over Congress candidate selection for the 2026 Kerala Assembly elections.
VD Satheesan gives an ultimatum to the High Command against fielding sitting MPs, including K Sudhakaran.
Speculation rises that KC Venugopal supported Sudhakaran to clear his own path to the Assembly.
Satheesan threatened to withdraw from his own constituency, Paravur, if the rule was breached for Sudhakaran.
The High Command ultimately sided with Satheesan to avoid a major fallout within the state unit.




















































