ന്യൂഡൽഹി : സുപ്രീം കോടതിയിൽ ഷൂ എറിയാനുള്ള ശ്രമം തന്നെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. താൻ ഹിന്ദു വിരുദ്ധനാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിയമത്തിന്റെയും മതേതരത്വത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ശിക്ഷിക്കുന്നതിലല്ല, മറിച്ച് ക്ഷമിക്കുന്നതിലാണ് നിയമത്തിന്റെ യഥാർത്ഥ മഹത്വമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഗവായ് പറഞ്ഞു. കുടുംബത്തിൽ നിന്ന് പഠിച്ച ക്ഷമയുടെ പാഠങ്ങളാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ താൻ ഒരിക്കലും പെരുമാറിയിട്ടില്ലെന്ന് ഗവായ് ഊന്നിപ്പറഞ്ഞു. ക്ഷേത്രങ്ങൾ, ദർഗ്ഗ, പള്ളി, ഗുരുദ്വാര, ക്രിസ്ത്യൻ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം പോകാറുള്ള ആളാണ് താനെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് വളരെ മതേതരനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗുണങ്ങൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ഗവായ് സ്മരിച്ചു.
ഷൂ എറിഞ്ഞ വ്യക്തിയോട് ക്ഷമിച്ച സമയത്ത്, വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശത്തിനെതിരെയാണ് അയാൾ പ്രതിഷേധിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഗവായ് വെളിപ്പെടുത്തി.
ഒക്ടോബർ ആറിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ സുപ്രീം കോടതിക്കകത്ത് വച്ച് ഷൂ എറിയാനുള്ള ശ്രമമുണ്ടായത്. അഭിഭാഷകരുടെ മെൻഷനിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
അഭിഭാഷകനായ രാകേഷ് കിഷോർ എന്നയാളാണ് ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമത്തെ അവഹേളിച്ചാൽ പൊറുക്കില്ലെന്ന് വിളിച്ചുപറഞ്ഞായിരുന്നു ആക്രമണശ്രമം. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി രാകേഷിനെ പുറത്താക്കുകയായിരുന്നു. തുടർന്ന് രാകേഷിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്യുകയും കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
BRGavai | SupremeCourt | ChiefJustice | ShoeThrowingIncident | Secularism | NewDelhi | RakeshKishor |




















































