കൊച്ചി: കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പരസ്യമായ ഭീഷണിയുമായി മുൻ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ്റെ വിശ്വസ്തനും യൂത്ത് കോൺഗ്രസ് നേതാവുമായ ജയന്ത് ദിനേശ് രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങളാണ് ഭീഷണിക്കടിസ്ഥാനം.
ജയന്ത് ദിനേശിന്റെ രൂക്ഷമായ വാക്കുകൾ:
”ഉണ്ണിത്താൻ തല മറന്ന് എണ്ണ തേയ്ക്കരുത്; തേച്ചാൽ എന്ത് സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും,” എന്നാണ് ജയന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ, സദാചാര പ്രശ്‌നത്തിൽ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരൻ സംരക്ഷണം നൽകിയ ചരിത്രവും ജയന്ത് ഓർമ്മിപ്പിച്ചു. “ഈ പാർട്ടിയിലെ ഏതൊരു നേതാവിനും പ്രവർത്തകനും സിപിഎമ്മിൻ്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ കൂടെയുണ്ടാവും,” എന്നും കുറിപ്പിൽ പറയുന്നു.
രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനം:
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമർശനമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചത്. “രാഹുൽ വടി കൊടുത്ത് അടി വാങ്ങി. മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. രാഹുലിൻ്റെ പി.ആർ. സംഘമാണ് ആക്രമണം നടത്തിയത്. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുൽ ശ്രമിച്ചത്,” എന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ. സുധാകരൻ ഓരോ കാലത്തും ഓരോ കാര്യങ്ങൾ മാറ്റി പറയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്:
അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് തിരുവനന്തപുരം വലിയമല പൊലീസ് ചുമത്തിയിരിക്കുന്നത്.




















































