New Delhi | December 04, 2025
കടുത്ത എതിർപ്പിനു പിന്നാലെ സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേൺ എടുത്ത് കേന്ദ്ര സർക്കാർ. സ്മാർട്‌ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിച്ചു. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ആപ്പിൾ ഉൾപ്പെടെ എതിർപ്പ്
പ്രതിപക്ഷവും സാങ്കേതിക വിദഗ്ധരുമെല്ലാം ശക്തമായി എതിർത്ത സഞ്ചാർ സാഥി നിർബന്ധിത നിബന്ധനയ്ക്കെതിരെ മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് മോദി സർക്കാരിന്റെ പിൻമാറ്റം.
പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ നിലപാട് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്.
ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ തയ്യാറല്ലെന്നും iOS ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
പാർലമെന്റിൽ ശക്തമായ എതിർപ്പ്
പാർലമെന്റിലടക്കം കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായ എതിരഭിപ്രായവും സ്വകാര്യതയുടെ ലംഘനവും സർക്കാർ ചാരവൃത്തി പൗരന്മാർക്ക് മേൽ ചെയ്യുന്നുവെന്ന ആക്ഷേപവും ഉയർന്നതോടെ ടെലികോം മന്ത്രിക്ക് മറുപടി പറയേണ്ടിവന്നിരുന്നു.
പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയ്യാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്‌സഭയിൽ പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്.
സർക്കാർ വിശദീകരണം
ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താണ് ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചതെന്നുമാണ് സർക്കാർ വിശദീകരണം.
ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്തത്. ആകെ ഇതുവരെ 1.4 കോടി പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പൗരർക്ക് ആപ്പിന്മേലുള്ള വിശ്വാസത്തിന്റെ സൂചനയാണിതെന്നെല്ലാം സർക്കാർ വിശദീകരിക്കുമ്പോൾ Right to Privacy ലംഘനം എന്ന ആക്ഷേപം ശക്തമായതോടെയാണ് ഈ പിൻമാറ്റമെന്നത് വ്യക്തമാണ്.
യഥാർത്ഥ നിർദേശം എന്തായിരുന്നു?
90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും, ഇതിനകം നിർമിച്ച് വിപണിയിലേക്ക് അയച്ചുകഴിഞ്ഞതുമായ ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നത്.
വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ IMEI നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത് എന്നായിരുന്നു ഉത്തരവ് സംബന്ധിച്ച വിശദീകരണം.
വിവാദപരമായ നിബന്ധനകൾ
കേന്ദ്രനീക്കം വിവാദമായതോടെ ആപ് ആവശ്യമില്ലാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാനാകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആദ്യദിവസം വിശദീകരണം നൽകിയിരുന്നു. എന്നാൽ കമ്പനികൾക്ക് അയച്ച ഉത്തരവിൽ ആപ്പിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്താനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത വിധത്തിലായിരിക്കണമെന്നാണ് നിർദേശിച്ചിരുന്നത്.
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്നുള്ള കേന്ദ്ര സർക്കാരിന്റെ സ്ഥിരീകരണം വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും അത് നടക്കില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്.




















































