Kochi | December 5, 2025
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കടന്നാക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഹുൽ ലൈംഗിക വൈകൃതക്കാരനാണെന്നും പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം സംവാദ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ പൊലീസ് ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും എന്നാൽ ചിലർ പ്രതിക്ക് സംരക്ഷണം ഒരുക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിനെ സംരക്ഷിക്കാൻ ചിലരിൽനിന്ന് ബോധപൂർവമായ ശ്രമം ഉണ്ടായെന്നും ഇനിയെങ്കിലും അത്തരം സംരക്ഷണങ്ങൾ ഒരുക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ പിടിയിലാകുന്നതിന് ആരും എതിരല്ലെന്നും അതിനായി പൊലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റേത് മാതൃകാപരമായ നടപടിയാണെന്ന് എങ്ങനെ പറയാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസ് പാർട്ടിയിലെ ചില എംഎൽഎമാർ ജയിലിൽ കിടന്നിട്ടും പാർട്ടി അവരെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിന്റെ വിഷയത്തിൽ പുറത്തുവന്ന വിവരങ്ങൾ എത്ര ബീഭത്സമാണെന്നും സാധാരണഗതിയിൽ പ്രതീക്ഷിക്കാനാകാത്ത കാര്യങ്ങളാണ് വെളിപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യമനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഒരു ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് അയാളിൽ നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
ഇത് ഒരു പൊതുപ്രവർത്തകനോ പൊതുസമൂഹത്തിനോ ചേരുന്നതല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ വരുമ്പോൾ തന്നെ പൊതുപ്രവർത്തനത്തിൽനിന്ന് അയാളെ മാറ്റിനിർത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടുണ്ടെന്നും എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ച് അയാളെ അവതരിപ്പിക്കുകയായിരുന്നോ വേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സാധാരണഗതിയിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാനാകുമോയെന്നും അകറ്റിനിർത്താനല്ലേ ശ്രമിക്കുകയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണെന്നും എന്നാൽ ആ പാരമ്പര്യം കളഞ്ഞുകുളിക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഏറ്റവും ഒടുവിൽ വന്ന യുവതിയുടെ പരാതിയിൽ ഒരാൾ എത്തിച്ചുകൊടുത്തുവെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അങ്ങനെ ഒരു അധഃപതനം എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിയിൽപെട്ടയാൾക്ക് സംഭവിക്കുന്നതെന്നും അതാണോ രാഷ്ട്രീയ പ്രവർത്തനമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിന്റെ ഭാഗമായി ഒരാൾ ഓഫീസും പൂട്ടി സ്ഥലം വിട്ടുവെന്ന് പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സൈബർ വെട്ടുകിളികൾ രംഗത്തുവരുന്നത് രാഹുലിനെതിരെ ആരും പറയാൻ പാടില്ലെന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞാൽ പറയുന്നവർക്കെതിരെ അസഭ്യവർഷവും ആക്ഷേപവും അവഹേളനവുമാണ് നടക്കുന്നതെന്നും ഇതൊന്നും ഒരു പാർട്ടിയിൽ നടക്കുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം പിഎം ശ്രീ വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എംപിമാർ ഇടപെടൽ നടത്തുമെന്നും നാടിന്റെ വികസനത്തിനായി എംപിമാർ ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവേചനപൂർണമായ നടപടികളെ എതിർക്കാതെ സംസ്ഥാനസർക്കാറിനെ എതിർക്കുന്ന സമീപനമാണ് നേരത്തേ കോൺഗ്രസ് എംപിമാർ നടത്തിയിരുന്നതെന്നും എന്നാൽ പൊതുവായ കാര്യങ്ങൾക്ക് ഒന്നിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാരെന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്ന എംപിയാണ് ജോൺ ബ്രിട്ടാസെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




















































