തിരുവനന്തപുരം I ഡിസംബർ 9, 2025
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനവുമായി മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, സജി ചെറിയാൻ എന്നിവർ രംഗത്ത്. അടൂർ പ്രകാശിന്റെ അഭിപ്രായം യു.ഡി.എഫ് പാർട്ടിയുടെ അഭിപ്രായം തന്നെയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീവിരുദ്ധത; ദിലീപിനെ ഒഴിവാക്കിയത് കൊണ്ടാണ് പ്രതികരണം
”ദിലീപിന് നീതി കിട്ടി” എന്ന അടൂർ പ്രകാശിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം. അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധതയാണ് ഈ വാക്കുകളിലൂടെ കണ്ടതെന്നും, അതിജീവിതയ്ക്കൊപ്പം സർക്കാർ തുടർന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദിലീപിനെ കേസിൽനിന്ന് ഒഴിവാക്കിയത് കൊണ്ടായിരിക്കും അടൂർ പ്രകാശ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.
സർക്കാർ അപ്പീൽ പോകുന്നത് എന്തുകൊണ്ട്?
വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ അടൂർ പ്രകാശ് പരിഹസിച്ചിരുന്നു. സർക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീൽ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്നാൽ ഇതിന് മറുപടിയായി മന്ത്രി ശിവൻകുട്ടി സർക്കാരിന്റെ നിലപാട് വിശദീകരിച്ചു:
”അതിജീവിതയ്ക്ക് ആദ്യഭാഗത്തിൽ തന്നെ നീതി കിട്ടി. ഏതെങ്കിലും ഒരാളെ കുറ്റവാളി ആക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കോടതി പരിശോധിച്ചാണ് പറഞ്ഞത്. അത് സംബന്ധിച്ച് കൂടുതൽ പരിശോധന വേണം എന്ന് സർക്കാർ കരുതുന്നു. അതുകൊണ്ടാണ് അപ്പീൽ പോകാൻ തീരുമാനിച്ചത്. ആർക്കെങ്കിലും ‘ഗുഡ് സർട്ടിഫിക്കറ്റ്’ കൊടുക്കാനോ മോശപ്പെടുത്താനോ അല്ല അപ്പീൽ പോകുന്നത്,” മന്ത്രി വ്യക്തമാക്കി.
അതേസമയം, ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും, കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ് മുൻപ് പറഞ്ഞിരുന്നു.
Ministers Sivan Kutty, Veena George slam Adoor Prakash’s pro-Dileep statement as anti-woman; Government stands with the survivor.




















































