തിരുവനന്തപുരം I ഡിസംബർ 18, 2025
സോഷ്യൽ മീഡിയയിൽ വിവാദമായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഉടൻ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് സൂചന. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നുമുള്ള വിലയിരുത്തലിലാണ് പോലീസ് പതുക്കെ നീങ്ങുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാതെ, ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികളിൽ അന്വേഷണം ഒതുക്കാനാണ് നിലവിലെ നീക്കം.
മൊഴിയെടുപ്പ് തുടരുന്നു
കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും. ഇതിനുശേഷമേ പ്രതികൾക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തൂ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അയ്യപ്പഭക്തിഗാനത്തെ അവഹേളിച്ചു എന്ന പരാതിയിൽ സൈബർ പോലീസാണ് അന്വേഷണം നടത്തുന്നത്.
സമിതിക്കുള്ളിലും ഭിന്നത?
ഗാനം പിൻവലിക്കണമെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എന്നാൽ, പരാതി നൽകിയത് സമിതിയല്ലെന്നും അതിൽ സംഘടനയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി ചെയർമാൻ കെ. ഹരിദാസ് രംഗത്തെത്തിയത് കേസിൽ പുതിയ വഴിത്തിരിവായിട്ടുണ്ട്. പരാതിക്കാരന്റെ വ്യക്തിപരമായ നിലപാടാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പാരഡി ഗാനത്തിനകത്ത് ‘അയ്യപ്പ’ എന്ന ശരണം വിളികൾ ഉപയോഗിച്ചത് ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നും എം.പിമാർ പാർലമെന്റിന് മുന്നിൽ ഇത് പാടിയത് വഴി അയ്യപ്പസ്വാമിയെ ആഗോളതലത്തിൽ അപമാനിക്കാൻ ശ്രമം നടന്നെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. എന്നാൽ, ആക്ഷേപഹാസ്യമായി നിർമ്മിച്ച ഗാനത്തിന്മേൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തുന്നത് നിയമപരമായി വെല്ലുവിളിയാകുമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.
Highlight
Kerala Police decides not to take immediate harsh action in the ‘Pottiye Kettiye’ parody song case, citing potential legal setbacks in court.




















































