മുംബൈ I ഡിസംബർ 18, 2025
മുംബൈ: ലോകരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയേക്കാവുന്ന ‘എപ്സ്റ്റീൻ ഫയലുകൾ’ നാളെ പുറത്തുവരാനിരിക്കെ, ഇന്ത്യയിലും രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ. എപ്സ്റ്റീൻ രേഖകൾ പുറത്താകുന്നതോടെ മഹാരാഷ്ട്രയിൽ നിന്നൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് ചവാന്റെ എക്സ് (ട്വിറ്റർ) പോസ്റ്റ്. ആർ.എസ്.എസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ചവാന്റെ ഈ ‘രാഷ്ട്രീയ ബോംബ്’.
പിംപ്രി-ചിഞ്ച്‌വാഡിൽ നടന്ന ചടങ്ങിൽ തന്റെ പ്രസ്താവനയെക്കുറിച്ച് ചവാൻ വിശദീകരിച്ചു. അമേരിക്കൻ ഭരണകൂടം ഡിസംബർ 19-ന് പുറത്തുവിടുന്ന ഫയലുകളിൽ ലോകനേതാക്കളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഡാറ്റ പുറത്തുവരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെയും ബാധിച്ചേക്കാമെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രധാനമന്ത്രി മാറി മഹാരാഷ്ട്രയിൽ നിന്നൊരാൾ ആ സ്ഥാനത്തേക്ക് എത്തുമെന്ന് താൻ സൂചിപ്പിച്ചതെന്നും ചവാൻ പറഞ്ഞു.
എന്താണ് എപ്സ്റ്റീൻ ഫയൽസ്?
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകളാണ് എപ്സ്റ്റീൻ ഫയൽസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട ‘എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരന്റ് ആക്ട്’ പ്രകാരം നാളെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഈ വിവരങ്ങൾ പരസ്യപ്പെടുത്തും. എപ്സ്റ്റീന്റെ നിശാപാർട്ടികളിലും മറ്റും പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങൾ ഇതിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് ട്രംപ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇതിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. 2019-ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റെ ഇടപാടുകൾ ലോകത്തെ പല പ്രമുഖരെയും കുടുക്കിയേക്കാമെന്നാണ് ചവാൻ നൽകുന്ന സൂചന.
Content Highlight: Senior Congress leader Prithviraj Chavan claims that a political earthquake will occur in India tomorrow following the release of the Epstein Files by the US, potentially leading to a change in the Prime Minister.




















































