തിരുവനന്തപുരം I ഡിസംബർ 18, 2025
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി മറികടക്കാൻ പുതിയ കർമ്മപദ്ധതികളുമായി സി.പി.ഐ.എം. തെറ്റുകൾ തിരുത്തിയും താഴെത്തട്ടിൽ പാർട്ടിയെ സജീവമാക്കിയും നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. പരാജയപ്പെട്ട വാർഡുകൾ കേന്ദ്രീകരിച്ച് ജില്ലാ നേതാക്കൾ നേരിട്ടിറങ്ങി പ്രവർത്തിക്കണമെന്നും വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു.
തൊഴിലുറപ്പ് പദ്ധതിക്കായി വൻ സമരം
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സി.പി.ഐ.എം തീരുമാനം. ‘തൊഴിലുറപ്പ് പദ്ധതി അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 20-ന് പഞ്ചായത്ത് തലങ്ങളിൽ തൊഴിലാളികളെ അണിനിരത്തി പ്രതിഷേധിക്കും. ഡിസംബർ 22-ന് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ വിപുലമായ സമര പരിപാടികൾ നടക്കും. കേരളത്തിലെ 22 ലക്ഷത്തോളം തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാൽ മത-സാമൂഹിക-സാംസ്കാരിക സംഘടനകളെ കൂടി പ്രക്ഷോഭത്തിൽ പങ്കാളികളാക്കും.
ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ പരിശോധിക്കാൻ പ്രത്യേക യോഗങ്ങൾ ചേരും. ഇടതുപക്ഷ സർക്കാരിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങാനാണ് സി.പി.ഐ.എം സംസ്ഥാന സമിതിയുടെ തീരുമാനം.
Content Highlight: CPIM state leadership decides to strengthen ground-level activities following the local body election setback and plans a massive protest against the Center’s new MGNREGA policy.




















































