ന്യൂഡൽഹി I ഡിസംബർ 19, 2025
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിലനിൽക്കുന്ന ഇന്ത്യ വിരുദ്ധ നീക്കങ്ങൾ 1971-ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ നയതന്ത്ര വെല്ലുവിളിയാണെന്ന് വിദേശകാര്യ പാർലമെന്ററി സമിതി. ശശി തരൂർ എം.പി അധ്യക്ഷനായ സമിതി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. അയൽരാജ്യത്തെ സ്ഥിതിഗതികൾ ഇന്ത്യ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ ഇടപെടലുകൾ ഗൗരവമായി കാണണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ചൈന-പാക് അച്ചുതണ്ട് ഭീഷണി
ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ ചൈനയുടെയും പാകിസ്താന്റെയും സ്വാധീനം വർദ്ധിച്ചുവരുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. മോംഗ്ല പോർട്ട്, ലാൽമോണിർഹാത് എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ പദ്ധതികളിൽ ഈ രാജ്യങ്ങൾക്കുള്ള പങ്ക് സമിതി എടുത്തുപറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ചൈന പുലർത്തുന്ന ബന്ധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആ സംഘടനയുടെ തിരിച്ചുവരവും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കണം. അല്ലെങ്കിൽ ധാക്കയിൽ ഇന്ത്യയ്ക്കുള്ള നയതന്ത്ര മുൻതൂക്കം നഷ്ടപ്പെട്ടേക്കാമെന്നും സമിതി നിരീക്ഷിച്ചു.
വിസ കേന്ദ്രം അടച്ചു; പ്രതിഷേധം അറിയിച്ച് ഇന്ത്യ
സുരക്ഷാ ഭീഷണിയും ഇന്ത്യ വിരുദ്ധ പ്രസ്താവനകളും വർദ്ധിച്ച സാഹചര്യത്തിൽ ധാക്കയിലെ പ്രധാന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ജമുന ഫ്യൂച്ചർ പാർക്കിലെ കേന്ദ്രമാണ് സുരക്ഷാ കാരണങ്ങളാൽ പ്രവർത്തനം നിർത്തിയത്. ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി (എൻ.സി.പി) നേതാവ് ഹസ്നത്ത് അബ്ദുളളയുടെ വിഘടനവാദ പ്രസ്താവനയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുമെന്ന ഹസ്നത്ത് അബ്ദുളളയുടെ പരാമർശം ഗൗരവകരമാണ്. ഇത്തരം വിഘടനവാദ ഗ്രൂപ്പുകൾക്കും തീവ്രവാദ സംഘടനകൾക്കും ബംഗ്ലാദേശ് താവളമൊരുക്കിയാൽ അത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ അസ്ഥിരത പ്രയോജനപ്പെടുത്തി ഹർക്കത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമി പോലുള്ള സംഘടനകൾ സജീവമാകാനുള്ള സാധ്യതയും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlight: The External Affairs Parliamentary Committee, headed by Shashi Tharoor, terms the anti-India activities in Bangladesh as the most significant diplomatic challenge since 1971 and urges the government to be vigilant against China-Pakistan influence.




















































