മലപ്പുറം I ഡിസംബർ 19, 2025
മലപ്പുറം: മലപ്പുറം എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ പാട്ട് വിവാദത്തിൽ രൂക്ഷപ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ശാന്തമായ ഉറക്കത്തിലേക്ക് തുളച്ചുകയറുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളെ മതസൗഹാർദ്ദത്തിന്റെ പേരിൽ ആരും സഹിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിലെ പാട്ടിനെതിരെ രംഗത്തുവരുന്നവർക്ക് പള്ളിയിലെ ബാങ്ക് വിളിയുടെ കാര്യത്തിലും ഇതേ നിലപാടുണ്ടാവണമെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
ലോകം കുലുക്കുന്ന രീതിയിൽ ഉച്ചഭാഷിണി വെച്ച് പാട്ടുകൾ വെക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ ‘സെലക്റ്റീവ്’ ആയിട്ടുള്ള പ്രതികരണങ്ങൾ കാണുമ്പോൾ പത്ത് കോളാമ്പി കെട്ടി പാട്ടിടാനാണ് തോന്നാറുള്ളതെന്ന് ശശികല പരിഹസിച്ചു. ക്ഷേത്രത്തിന് സമീപമുള്ള ഒരു കുടുംബത്തിന് പാട്ട് കേൾക്കുന്നത് പ്രശ്നമാണെങ്കിൽ അവർക്ക് പള്ളിയിലെ ബാങ്ക് വിളിയും പ്രശ്നമാകേണ്ടതല്ലേ എന്നും അവർ ചോദിച്ചു.
ക്ഷേത്രത്തിൽ പാട്ട് വേണ്ടെന്നാണെങ്കിൽ പള്ളിയിൽ ബാങ്കും വേണ്ടെന്ന് വെച്ച് നമുക്ക് ഒരുമിച്ച് നിർത്താം. അല്ലാതെ രാഷ്ട്രീയ തിണ്ണമിടുക്കിന്റെ ബലത്തിൽ ഒന്നിന്റെ മുകളിൽ കയറാൻ നോക്കുന്നവന്റെ മുകളിൽ കയറാൻ തന്നെയാണ് തീരുമാനമെന്നും ശശികല പറഞ്ഞു. ക്ഷേത്രത്തിൽ പാട്ട് വെക്കുന്നതിനെ യു.ഡി.എഫുകാരും മുസ്ലിം ലീഗുകാരും ചേർന്ന് വിലക്കുന്നുവെന്ന തരത്തിൽ സംഘപരിവാർ പ്രൊഫൈലുകൾ പ്രചാരണം നടത്തുന്നതിനിടെയാണ് ശശികലയുടെ പ്രതികരണം.
അതേസമയം, ക്ഷേത്രത്തിനെതിരെ ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു എന്ന പ്രചാരണം വ്യാജമാണെന്ന് ക്ഷേത്ര കമ്മിറ്റിയും യു.ഡി.എഫ് നേതൃത്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രവും വിശ്വാസികളുമായി തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നാണ് പ്രാദേശിക യു.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
Content Highlight: Hindu Aikya Vedi leader K.P. Sasikala reacts to the Edavanna temple song controversy, stating that if temple songs are restricted, mosque prayers (Adhan) should also be treated similarly.




















































