തിരുവനന്തപുരം I ഡിസംബർ 25, 2025
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്ത വിഗ്രഹക്കടത്ത് സംഘത്തലവൻ ഡി. മണിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പും വിഗ്രഹക്കടത്തുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ശബരിമലയ്ക്ക് പുറമെ ലോകപ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഇവർ നീക്കം നടത്തിയിരുന്നതായി ഒരു പ്രവാസി വ്യവസായി നൽകിയ നിർണ്ണായക മൊഴിയിൽ വ്യക്തമാക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനുള്ള ഇവരുടെ നീക്കം ചില കാരണങ്ങളാൽ പരാജയപ്പെടുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
മാസ്റ്റർ പ്ലാനിന് പിന്നിൽ 6 വർഷത്തെ നീക്കം
2017 മുതൽ 2023 വരെയുള്ള കാലയളവിൽ ശബരിമലയും അതിന്റെ ഉപക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് വലിയ തോതിലുള്ള കൊള്ളയ്ക്കാണ് ഡി. മണിയും സംഘവും പദ്ധതിയൊരുക്കിയത്. ചെന്നൈയിൽ നിന്ന് അന്വേഷണസംഘം പിടികൂടിയ ഡിണ്ടിഗൽ സ്വദേശി ബാലമുരുകൻ എന്ന ഡി. മണിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ശബരിമലയിൽ നിന്ന് സ്വർണ്ണം മാത്രമല്ല, പുരാതനമായ പഞ്ചലോഹ വിഗ്രഹങ്ങളും സംഘം കടത്തിയതായി സംശയമുണ്ട്.
പണമിടപാടിൽ ഉന്നതർക്ക് പങ്കെന്ന് മൊഴി
ശബരിമലയിലെ സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ഡി. മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2020 ഒക്ടോബർ 20-ന് ഇവർ തമ്മിൽ വൻ തുകയുടെ പണം കൈമാറ്റം നടന്നതായും വിദേശ വ്യവസായി മൊഴി നൽകി. ശബരിമലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും ചേർന്നാണ് ഈ ഇടപാടുകൾ നടത്തിയതെന്നാണ് വിവരം.
വിഷയത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് അന്വേഷണം വിപുലീകരിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Content Highlight:
SIT investigation reveals that D. Mani and his gang targeted ₹1000 crore worth of deals in Kerala, including a plot to smuggle idols from the Padmanabhaswamy Temple. An NRI businessman provided crucial testimony regarding the involvement of high-ranking officials.




















































