തിരുവനന്തപുരം I ഡിസംബർ 25, 2025
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി നേതാവ് വി.വി. രാജേഷിനെ നിശ്ചയിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് രാജേഷിന് നറുക്കുവീണത്. ഇതോടെ ശ്രീലേഖ മേയർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി.
ബി.ജെ.പി കേന്ദ്ര നേതൃത്വവും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും നടത്തിയ നിർണ്ണായക ചർച്ചകളിലാണ് വി.വി. രാജേഷിന്റെ പേരിൽ ധാരണയായത്. പാർട്ടി നേതൃത്വത്തിനിടയിൽ രാജേഷിനായി വലിയ തോതിൽ പിന്തുണ ലഭിച്ചു. ആർ. ശ്രീലേഖ മേയർ സ്ഥാനത്തേക്കോ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കോ ഉണ്ടാവില്ലെന്നാണ് വിവരം. പകരം ആശാ നാഥ് ഡെപ്യൂട്ടി മേയറായേക്കും.
മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിൽ ഭിന്നത രൂക്ഷമായിരുന്നു. ഒടുവിൽ സമവായത്തിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ ആർ. ശ്രീലേഖയെ വീട്ടിലെത്തി കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കൗൺസിലർമാരുടെ യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അംഗീകാരം നൽകി. കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് പരിചയസമ്പന്നനായ സംഘടനാ പ്രവർത്തകൻ എന്ന നിലയിലാണ് വി.വി. രാജേഷിനെ നേതൃത്വം മുന്നിൽ നിർത്തുന്നത്.
Content Highlight
BJP has decided to name V.V. Rajesh as its mayoral candidate for Thiruvananthapuram Corporation, sidelining former DGP R. Sreelekha. Asha Nath is likely to be the Deputy Mayor candidate.




















































