കൊല്ലം | ഡിസംബർ 31, 2025
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (III) റിപ്പോർട്ട് തേടി. അയ്യപ്പന്റെ ബ്രഹ്മചര്യത്തെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. പരാതിയിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം വെസ്റ്റ് പോലീസിന് കോടതി നിർദ്ദേശം നൽകി.
പരാതിയും ആരോപണങ്ങളും
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2018-ൽ ശബരിമല വിവാദങ്ങൾ നിലനിന്നിരുന്ന സമയത്ത് നടത്തിയ പ്രസംഗമാണ് പരാതിക്കാധാരം. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്ന് സ്വരാജ് പ്രസ്താവിച്ചതായും, മാളികപ്പുറത്തമ്മയുടെ കണ്ണുനീർ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിഷ്ണു സുനിൽ നേരത്തെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
കോടതിയിൽ ഹാജരാക്കിയത് വീഡിയോ ദൃശ്യങ്ങൾ
വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ വിഷ്ണു സുനിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രാഥമിക തെളിവുകൾ പരിശോധിച്ച ശേഷമാണ് സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് പോലീസിനോട് ആവശ്യപ്പെട്ടത്. വിഷയത്തിൽ പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കും. സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാവിനെതിരെ കോടതി റിപ്പോർട്ട് തേടിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Content Highlight: The Kollam Judicial First Class Magistrate Court (III) has sought a police report on a controversial speech made by CPM state secretariat member M. Swaraj regarding Sabarimala. The petition, filed by Youth Congress leader Vishnu Sunil, alleges that Swaraj insulted Lord Ayyappa’s celibacy and mocked Malikappurathamma.




















































