തിരുവനന്തപുരം | 02, ജനുവരി | 2026
വീണ്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് തരൂരിന്റെ കുറ്റപ്പെടുത്തൽ. ഒന്നര വർഷം മുന്‍പ് താൻ നൽകിയ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വം അവഗണിച്ചു എന്നാണ് ശശി തരൂർ പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നഗരത്തിൽ ബിജെപിക്ക് വോട്ട് കൂടുതലായിരുന്നുവെന്നും അന്ന് മുതൽ തന്നെ പാർട്ടിയുടെ പോരായ്മകൾ പറഞ്ഞതാണെന്നും തരൂർ പറഞ്ഞു. നഗരത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിച്ചു, ജനങ്ങളുടെ ആഗ്രഹം ബിജെപിക്ക് അനുകൂലമാവുകയായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ പാർട്ടിക്ക് അകത്തുതന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ പാതി ബിജെപി ആണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരിഹാസത്തിനും തരൂർ മറുപടി നൽകി. തന്റെ നയങ്ങളും നിലപാടും എത്രയോ തവണ എഴുതിയിട്ടുള്ളതാണെന്നും അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു. ലേഖനത്തിന്റെ തലക്കെട്ട് മാത്രം വായിച്ചാണ് പലരും സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ബുൾഡോസർ രാജിൽ സർക്കാരിനെ പിന്തുണച്ചാണ് ശശി തരൂർ പ്രതികരിച്ചത്. പാവങ്ങളാണ്, ന്യൂനപക്ഷമാണ് എന്ന് പറയുന്നതിൽ ന്യായമില്ലെന്നും നിയമപ്രകാരമാണ് നടപടികളുണ്ടായതെന്നും തരൂർ പറഞ്ഞു. ആരോഗ്യകരമായി താമസിക്കാൻ പറ്റാത്ത സ്ഥലമായിരുന്നു അതെന്നും അതുകൊണ്ടാണ് പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുൾഡോസർ വിഷയത്തിൽ കോടതിയുടെ അഭിപ്രായം കൂടിയുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് തരൂരിന്റെ വിമർശനം. കോൺഗ്രസിന്റെ നഗരഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് തരൂരിന്റെ വാദം.
പാർട്ടിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി നേരത്തെയും തരൂർ പരസ്യ വിമർശനം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കേന്ദ്രീകരിച്ചുള്ള വിമർശനം കൂടുതൽ ശക്തമായാണ് മുന്നോട്ട് വന്നത്.
Content Highlights
Shashi Tharoor criticizes Congress leadership over BJP victory in Thiruvananthapuram
Says he warned party leadership 1.5 years ago
People wanted change in city administration, benefited BJP
Responds to Binoy Viswam’s ‘half-BJP’ jibe
Defends Karnataka government’s bulldozer action
Claims BJP had more votes in city during Lok Sabha elections
Will raise concerns within party, says Tharoor




















































