ന്യൂഡൽഹി | ജനുവരി 7, 2026
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ, കുറ്റക്കാരായ വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പസിനെ വിദ്വേഷത്തിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ജെ.എൻ.യു അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രതിഷേധവും മുദ്രാവാക്യങ്ങളും
2020-ലെ ജെ.എൻ.യു ക്യാമ്പസ് അതിക്രമത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് എസ്.എഫ്.ഐ, ഐസ (AISA), ഡി.എസ്.എഫ് തുടങ്ങിയ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് വിവാദമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു വിദ്യാർത്ഥികളുടെ ഒത്തുചേരൽ. മോദി – ഷാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതായി ചൂണ്ടിക്കാട്ടി സർവകലാശാല അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വിശദീകരണവുമായി വിദ്യാർത്ഥി യൂണിയൻ
എന്നാൽ, ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ആശയപരമായ വിമർശനങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നും ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് അതിഥി മിശ്ര പ്രതികരിച്ചു. രാജ്യത്ത് ഫാസിസ്റ്റ് ആശയങ്ങൾ വേരൂന്നരുത് എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉമർ ഖാലിദിന്റെയും മറ്റും ജാമ്യം നിഷേധിക്കപ്പെട്ടത് ജനാധിപത്യപരമായ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതായും അവർ പറഞ്ഞു.
കോടതി വിധിക്ക് പിന്നാലെ പ്രതിഷേധം
ഡിസംബർ 5-നാണ് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, ഗുൽഷിഫ ഫാത്തിമ, അബ്ദുൽ ഖാലിദ് സെഫി ഉൾപ്പെടെയുള്ള മറ്റ് ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിക്കെതിരെ ക്യാമ്പസിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വിദ്യാർത്ഥികളെ പുറത്താക്കാനുള്ള നീക്കവുമായി അധികൃതർ രംഗത്തെത്തിയത്.
Content Highlight: JNU authorities have filed a police complaint against students for allegedly raising slogans against PM Narendra Modi and Home Minister Amit Shah. The university stated that involved students would face expulsion, reiterating that anti-national activities won’t be tolerated. The incident occurred during a protest by SFI and AISA marking the 6th anniversary of the 2020 JNU violence and protesting the bail denial of Umar Khalid by the Supreme Court




















































