കോഴിക്കോട് | ജനുവരി | 08, 2026
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിയാകണമെന്ന ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും ആവശ്യം അദ്ദേഹം അംഗീകരിച്ചതായാണ് വിവരം. എന്നാൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമുള്ള മണ്ഡലം കൊയിലാണ്ടിയാണെന്ന് മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു. കൊയിലാണ്ടി ലഭിച്ചില്ലെങ്കിൽ മത്സരരംഗത്തുണ്ടാകില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം.
മണ്ഡലങ്ങളെ ചൊല്ലിയുള്ള തർക്കം
കൊയിലാണ്ടിക്ക് പുറമെ നാദാപുരവും മുല്ലപ്പള്ളിക്കായി പാർട്ടി പരിഗണിക്കുന്നുണ്ട്. എന്നാൽ കൊയിലാണ്ടി സീറ്റിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും കണ്ണുവെച്ചിട്ടുണ്ട്. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചാൽ സാമുദായിക വോട്ടുകൾ അനുകൂലമാക്കാമെന്ന് പാർട്ടി കണക്കുകൂട്ടുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നാദാപുരത്ത് മുല്ലപ്പള്ളിക്കെതിരെ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ നാദാപുരത്തിന് വേണ്ടെന്നും അദ്ദേഹം വിശ്രമജീവിതം തുടരട്ടെയെന്നുമാണ് പോസ്റ്ററുകളിലെ പരിഹാസം.
മുതിർന്ന നേതാക്കളെ രംഗത്തിറക്കി കോൺഗ്രസ്
തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം. മുല്ലപ്പള്ളി സമ്മതം മൂളിയെങ്കിലും വി.എം. സുധീരൻ മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെയും മത്സരരംഗത്ത് എത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം കൊയിലാണ്ടിയിൽ യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ട്.
Content Highlights
Senior Congress leader Mullappally Ramachandran agrees to contest in the upcoming assembly elections.
Mullappally insists on the Koyilandy constituency; says he won’t contest if not allotted.
Posters appeared against him in Nadapuram, warning of a huge defeat if he contests there.
Kozhikode DCC President K. Praveen Kumar is also reportedly seeking the Koyilandy seat.
Congress plans to field senior leaders, though VM Sudheeran has declined the offer.




















































