തിരുവനന്തപുരം | 13, ജനുവരി | 2026
സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പക്ഷം. പാർട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും മത്സരിക്കാതിരുന്നിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു.
“പാർട്ടി ആവശ്യപ്പെടുമോ എന്നറിയില്ല. പക്ഷെ ജനങ്ങൾ ആവശ്യപ്പെടുന്നത് വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. വിജയ സാധ്യതയുള്ളവർ മത്സരിക്കണമെന്ന ആവശ്യം പറയുമ്പോൾ സ്വാഭാവികമായും തന്റെ പേരും ഉയർന്ന് കേൾക്കും,” ജി സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥിയാകണമെങ്കിൽ ആദ്യം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്യണം. പിന്നീടുള്ള തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഒരു കാലത്തും സ്ഥാനാർത്ഥിയാകണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി മത്സരിപ്പിച്ചതും സ്ഥാനങ്ങൾ തന്നതും ആവശ്യം ഉന്നയിച്ചിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് തവണയും കേരളം ഭരിച്ചത് എൽഡിഎഫ് സർക്കാരാണ്. എന്നാൽ രണ്ട് തവണയിലെ ഭരണത്തെ താരതമ്യം ചെയ്ത് പാർട്ടിയിൽ ആരും സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. മൂന്നാമതും ഭരണം ലഭിക്കുമെന്ന പ്രതീക്ഷ സിപിഐഎമ്മിനുണ്ടെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
Content Highlights: Senior CPIM leader G Sudhakaran does not rule out candidature possibility; says never refused when party asked to contest; will contest if party asks; people demand winnable candidates so his name naturally comes up; decision rests with district and state committees; never demanded candidature; hopes for third LDF term




















































