തിരുവനന്തപുരം | 13, ജനുവരി | 2026
മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലനെതിരെ വിവാദ പരാമർശവുമായി യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ രംഗത്ത്. എ.കെ ബാലനെ തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ നേരിടേണ്ടി വരുമെന്ന ബിനു ചുള്ളിയിലിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു വിവാദ പരാമർശം നടത്തിയത്.
കേരളത്തിൽ വർഗീയ വിഷം വമിപ്പിക്കുന്ന രീതിയിൽ എ.കെ ബാലനെപ്പോലെയുള്ളവർ തെരുവിലിറങ്ങിയാൽ, തെരുവ് നായകളെ കൈകാര്യം ചെയ്യുന്നത് പോലെ ജനങ്ങൾ പ്രതികരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ലെന്നും മറിച്ച് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നതാണെന്നും ബിനു ചുള്ളിയിൽ കൂട്ടിച്ചേർത്തു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുമെന്നും മാറാട് മാതൃകയിലുള്ള കലാപങ്ങൾ ആവർത്തിക്കുമെന്നുമുള്ള എ.കെ ബാലന്റെ മുൻ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരം. സംഘപരിവാറിനേക്കാൾ തീവ്രമായ രീതിയിൽ ഒരു പ്രത്യേക മതവിഭാഗം കലാപമുണ്ടാക്കുന്നു എന്ന് എ.കെ ബാലൻ പ്രചരിപ്പിക്കുകയാണെന്ന് ബിനു ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയിലാണ് സി.പി.ഐ.എം നേതാക്കൾ മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും മാപ്പ് പറയില്ലെന്നും എ.കെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭരണകൂടം ബോധപൂർവ്വം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പ്രധാന ആരോപണം.
Content Highlights
Youth Congress leader Binu Chulliyil slams CPM leader AK Balan over controversial ‘Marad’ remarks; Likens Balan’s public presence to stray dogs, sparking political row in Kerala.




















































