ന്യൂഡൽഹി | 14, ജനുവരി | 2026
രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കെതിരെയും മൃഗസ്നേഹികൾക്കെതിരെയും കടുത്ത നിലപാടുമായി സുപ്രീംകോടതി. തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. നായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കും ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ. വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നായകൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നതിന് പകരം അവയെ വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. മൃഗസ്നേഹികൾ നായകളെ സംരക്ഷിക്കുന്നുണ്ടെങ്കിൽ അവയുടെ ആക്രമണങ്ങൾക്കും അവർ ഉത്തരവാദിത്തം ഏൽക്കാൻ ബാധ്യസ്ഥരാണ്. തെരുവുനായ പ്രശ്നത്തിൽ മൃഗസ്നേഹികൾക്കായി കോടതിയിൽ വലിയ അഭിഭാഷക നിര ഹാജരാകുമ്പോൾ, ആക്രമണത്തിന് ഇരയാകുന്ന മനുഷ്യരുടെ പക്ഷം പറയാൻ ആരുമില്ലെന്നും കോടതി അതൃപ്തിയോടെ നിരീക്ഷിച്ചു.
തെരുവുനായ ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാനങ്ങൾ നിസ്സംഗത തുടർന്നാൽ കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുട്ടികൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന ഓരോ ആക്രമണത്തിനും സംസ്ഥാന സർക്കാരുകൾ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും. തെരുവുനായ ശല്യം പരിഹരിക്കാൻ കർമ്മപദ്ധതികൾ തയ്യാറാക്കാത്തതിലും കോടതി വിമർശനമുന്നയിച്ചു. ഒൻപത് വയസ്സുള്ള കുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുമ്പോൾ ആരെയാണ് ഉത്തരവാദിയാക്കേണ്ടതെന്ന് ചോദിച്ച കോടതി, സംഘടനകൾ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. കേസ് ജനുവരി 20-ന് കോടതി വീണ്ടും പരിഗണിക്കും.
Content Highlights
Supreme Court orders states to pay heavy compensation for stray dog attack victims; Holds those who feed stray dogs in public accountable; Criticizes states for lack of action plan.




















































