കൊച്ചി | 14, ജനുവരി | 2026
ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബോർഡിലെ ചില ജീവനക്കാർക്ക് തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിലല്ല, മറിച്ച് പണം തിരിമറി നടത്തുന്നതിലാണ് താല്പര്യമെന്ന് ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും കോടതി കുറ്റപ്പെടുത്തി.
ശബരിമലയിലെ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഉത്തരവിലാണ് കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ. ഭക്തരെ സേവിക്കുക എന്ന പ്രാഥമിക കർത്തവ്യം മറന്ന് സാമ്പത്തിക ലാഭത്തിനായി ചിലർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. കണക്കുകൾ സൂക്ഷിക്കുന്നതിൽ സുതാര്യത ഉറപ്പാക്കാൻ ദേവസ്വം ബോർഡ് പരാജയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.
കണക്കുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കാത്ത വിധം സുരക്ഷിതമായ സോഫ്റ്റ്‌വെയർ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് കോടതി ബോർഡിന് കർശന നിർദ്ദേശം നൽകി. ഇക്കാര്യം മുൻപും ആവർത്തിച്ചിട്ടുള്ളതാണെന്നും ഇത് ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. സമഗ്രമായ ഒരു ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ തടയാൻ സാധിക്കൂ എന്നും കോടതി മുന്നറിയിപ്പ് നൽകി.
Content Highlights
Kerala High Court slams Travancore Devaswom Board employees over Sabarimala ‘Aadiya Neyyu’ scam; Court says some staff focus on siphoning money rather than serving devotees; Directs TDB to implement secure accounting software.




















































