കോട്ടയം | 14, ജനുവരി | 2026
പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള നിയമപോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് അതിജീവിത. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും, ഇല്ലെങ്കിലും നീതി ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അതിജീവിത കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
”സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും മൗനമാണ്. എന്നാൽ സർക്കാരിന്റെ പിന്തുണയുണ്ട്. മുൻപ് നേരിട്ടുള്ള ഭീഷണി ഉണ്ടായിരുന്നുവെങ്കിലും പോലീസ് സുരക്ഷ ഏർപ്പെടുത്തിയതോടെ ആ ഭയം മാറി. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കാര്യത്തിലും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” – അതിജീവിത പറഞ്ഞു.
നിയമപോരാട്ടത്തിനിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന അതിജീവിതയ്ക്കും ഒപ്പമുള്ള രണ്ട് കന്യാസ്ത്രീകൾക്കും കഴിഞ്ഞ ദിവസം സർക്കാർ റേഷൻ കാർഡ് അനുവദിച്ചിരുന്നു. ജില്ലാ സപ്ലൈ ഓഫീസർ നേരിട്ടെത്തിയാണ് ഇവർക്ക് കാർഡുകൾ കൈമാറിയത്. ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന ഇവരുടെ അവസ്ഥ വാർത്തയായതിന് പിന്നാലെ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നേരിട്ട് ഇടപെടുകയായിരുന്നു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ പീഡിപ്പിച്ചു എന്നതായിരുന്നു ബിഷപ്പിനെതിരെയുള്ള പരാതി. 2018-ൽ കേസ് രജിസ്റ്റർ ചെയ്യുകയും ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2022 ജനുവരിയിൽ കോട്ടയം ജില്ലാ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി. ഈ വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയത്.
Content Highlights
The survivor of the Franco Mulakkal rape case expresses hope that the government will appoint a special prosecutor. Despite the court’s earlier acquittal, she vows to continue the legal battle for justice while receiving support like ration cards from the state government.




















































