തിരുവനന്തപുരം | 14, ജനുവരി | 2026
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നേതാക്കൾക്ക് മറുപടിയുമായി കൊട്ടാരക്കര മുൻ എം.എൽ.എ ഐഷാ പോറ്റി. തന്നെ ‘വർഗവഞ്ചക’ എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടികളിൽ നിന്ന് വന്ന് ഇപ്പോൾ സിപിഎമ്മിൽ പദവികൾ അലങ്കരിക്കുന്ന സരിന്റെയും ശോഭന ജോർജിന്റെയും ചരിത്രം ഓർക്കണമെന്ന് അവർ തിരിച്ചടിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ പരിപാടിയുടെ വേദിയിലായിരുന്നു ഐഷാ പോറ്റിയുടെ പരോക്ഷ പരിഹാസം.
തനിക്ക് എല്ലാം തന്ന പാർട്ടിയാണ് സിപിഎം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും, പഴയ ആ പാർട്ടി ഇന്നില്ലെന്നും അവർ തുറന്നടിച്ചു. “പാർട്ടി സ്ഥാനങ്ങൾ തന്നാൽ മാത്രം പോര, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകണം. ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” – ഐഷാ പോറ്റി വ്യക്തമാക്കി.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെതിരെ മുൻ മന്ത്രിമാരായ തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, മന്ത്രി വി.എൻ വാസവൻ എന്നിവർ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. ഐഷാ പോറ്റി കാട്ടിയത് വഞ്ചനയാണെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് ഇതെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പരിഹാസം. എന്നാൽ, ഈ വിമർശനങ്ങൾക്കെല്ലാം കൃത്യമായ മറുപടിയാണ് ഐഷാ പോറ്റി ഇപ്പോൾ നൽകിയിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടോളം സിപിഎമ്മിന്റെ കരുത്തുറ്റ മുഖമായിരുന്ന ഐഷാ പോറ്റി ഇന്നലെയാണ് വി.ഡി സതീശനിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ എം.എൽ.എയായിരുന്നിട്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതും, കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടതും പാർട്ടിയുമായി അവരെ അകറ്റിയിരുന്നു. ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സിപിഎമ്മിന് വലിയ തലവേദനയാകുമെന്ന് മംഗളം ന്യൂസ് ഓൺലൈൻ നേരത്തെ വിശകലനം ചെയ്തിരുന്നു.
Content Highlights
Former MLA Aisha Potty hits back at CPIM leaders calling her a ‘class traitor’. She reminds them of leaders like Sarin and Shobhana George who joined CPIM from other parties. She states that the CPIM she once knew no longer exists and she is happy to join a national movement like Congress.




















































