തിരുവനന്തപുരം | 19, ജനുവരി | 2026.
മുസ്ലിം ലീഗിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നതിനിടയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. വർഗീയ ധ്രുവീകരണത്തെക്കുറിച്ച് സംസാരിക്കവെ മലപ്പുറം, കാസർകോട് ജില്ലകളെ പരാമർശിച്ച മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. സജി ചെറിയാൻ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
മന്ത്രിയുടെ വിവാദ പരാമർശങ്ങൾ…
“മലപ്പുറം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നവരുടെ പേരുകൾ ഒന്ന് എടുത്തു വായിച്ചു നോക്കൂ. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെ പോകാൻ പാടുണ്ടോ? കാസർകോട് മുൻസിപ്പാലിറ്റി എടുത്തു നോക്കൂ. നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്. ഒരു സമുദായത്തിന് ഭൂരിപക്ഷമുള്ള ഇടത്ത് ആ സമുദായത്തിൽപ്പെട്ടവർ മാത്രം ജയിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറണോ?” – സജി ചെറിയാൻ ചോദിച്ചു. മുസ്ലിം ലീഗ് കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം…
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിദ്വേഷം കുത്തിനിറയ്ക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. “വോട്ടിന് വേണ്ടി സമുദായ നേതാക്കളെ പ്രീണിപ്പിക്കുകയും മതസൗഹാർദ്ദം തകർക്കുകയും ചെയ്യുന്ന വിലകുറഞ്ഞ പ്രസ്താവനകളാണ് സതീശന്റേത്. ഇതിന് അദ്ദേഹം മാപ്പ് പറയണം,” മന്ത്രി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, നേതാവായ വി.ആർ. അനൂപ് എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതാണെന്നും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ പുതിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Content Highlights
Minister Saji Cherian triggers controversy with remarks on the names of winners in Malappuram and Kasaragod local polls.
Youth Congress files complaints with the DGP and City Police, alleging breach of oath and communal instigation.
Cherian accuses Muslim League of creating communal polarization in Kerala.
Slams Opposition Leader V.D. Satheesan for “cheap politics” and attempts to divide the public for votes.
Critics point out that such statements from a cabinet minister promote sectarianism.




















































