കോഴിക്കോട് | 19, ജനുവരി | 2026.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള എൻ.എസ്.എസ് – എസ്.എൻ.ഡി.പി നേതാക്കളുടെ കടന്നാക്രമണങ്ങളെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സതീശൻ ഉയർത്തിയത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണെന്നും പാർട്ടി നേതാക്കളെ പുറത്തുള്ളവർ അധിക്ഷേപിക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളോടും കോൺഗ്രസിന് ബഹുമാനമുണ്ടെന്നും എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്നും മുരളീധരൻ പറഞ്ഞു.
”പ്രതിപക്ഷ നേതാവിനെതിരെ ഉയർന്ന ഒരു വിമർശനത്തോടും ഞങ്ങൾക്ക് യോജിപ്പില്ല. ഏതെങ്കിലും കോൺഗ്രസ് നേതാവിനെ പാർട്ടിക്ക് പുറത്തുള്ള ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ അതിനെ ശക്തമായി എതിർക്കും. സാമുദായിക ഐക്യം നല്ലതാണ്, പക്ഷേ അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ആ ഐക്യം കോൺഗ്രസിന് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല” – മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ യാത്രയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ മാറാട് വിഷയം വീണ്ടും വലിച്ചിഴച്ചപ്പോൾ പ്രതിപക്ഷ നേതാവ് അതിന് ശക്തമായ മറുപടി നൽകി. അതിൽ യാതൊരു തെറ്റുമില്ല. വർഗീയതയ്ക്കെതിരെ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Content Highlights
K. Muraleedharan rejects criticisms against V.D. Satheesan by NSS and SNDP leaderships.
Asserts that Satheesan’s statements on communalism reflect the official stance of the Congress party.
Warns that Congress will collectively resist any external attacks on its leaders.
Accuses CM Pinarayi Vijayan of undermining the dignity of Kanthapuram’s ‘Snehayathra’ by raking up the Marad issue.
Maintains that while community unity is welcome, it should not be misused for political gains.




















































