മലപ്പുറം | 20, ജനുവരി | 2026
മലപ്പുറം, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെടുത്തിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിലെ അമുസ്‌ലിം പ്രാതിനിധ്യം കണക്കുകൾ നിരത്തി വ്യക്തമാക്കിയാണ് ജോയ് രംഗത്തെത്തിയത്. ഭരണഘടനയെ അവഹേളിക്കുന്നവർക്ക് മലപ്പുറത്തെ മതേതരത്വം മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫ് ബാനറിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധികളിൽ 319 പേർ അമുസ്‌ലിം സഹോദരങ്ങളാണെന്ന് വി.എസ് ജോയ് ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ടിക്കറ്റിൽ ജയിച്ച 153 പേരും അമുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
”ചില ചൊറിയന്മാരുടെ ചൊറിച്ചിൽ മാറ്റാനാണ് ഈ കണക്കുകൾ പറയുന്നത്. ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല. ചാണകക്കുഴിയിൽ വീണവരിൽ നിന്ന് ചന്ദന സുഗന്ധം പ്രതീക്ഷിക്കരുത്,” വി.എസ് ജോയ് പറഞ്ഞു. സ്വന്തം നാട്ടിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ക്രൈസ്തവ സഹോദരിയെയും അദ്ദേഹം മറുപടിയിൽ പരാമർശിച്ചു.
Content Highlights: VS Joy criticizes Saji Cheriyan over Malappuram communal remarks, UDF non-Muslim candidate statistics in Malappuram local body polls.




















































