ബെംഗളൂരു | 22, ജനുവരി | 2026
ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയിൽ കളക്ടർ ടി.കെ സ്വരൂപ കാവി പതാകയേന്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഉഡുപ്പി ബിജെപി എംഎൽഎ യശ്പാൽ സുവർണ്ണ കളക്ടർക്ക് കൈമാറിയത് ആർഎസ്എസ് പതാകയാണെന്നും ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഡിസിസി മനുഷ്യാവകാശ സെൽ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആരോപിച്ചു.
ജനുവരി 18-ന് നടന്ന ഷിരൂർ മഠാധിപതി വേദവർദ്ധന തീർത്ഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം ഉണ്ടായത്. എന്നാൽ, തന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും കളക്ടർ ടി.കെ സ്വരൂപ വിശദീകരിച്ചു. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അവർ വ്യക്തമാക്കി.
2026-28 കാലയളവിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണചുമതല ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായാണ് പര്യായോത്സവം നടക്കുന്നത്. ഉഡുപ്പിയിലെ എട്ട് മഠങ്ങൾ മാറിമാറിയാണ് ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്. സംഭവത്തിൽ കളക്ടർക്കെതിരെ കർണാടക സർക്കാരിന് പരാതി നൽകാനാണ് കോൺഗ്രസ് തീരുമാനം.
Content Highlights: Congress demands action against Udupi Collector TK Swaroopa for holding saffron flag during Paryaya festival procession.




















































