കൊച്ചി | 22, ജനുവരി | 2026
കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ലത്തീൻ സഭയുമായി അനുനയ നീക്കവുമായി പാർട്ടി അധ്യക്ഷൻ ജോസ് കെ മാണി എംപി. കൊച്ചി രൂപതാ ആസ്ഥാനത്തെത്തിയ അദ്ദേഹം ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തി. മുന്നണി മാറ്റ വിഷയത്തിൽ സഭയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടെന്ന വാർത്തകൾക്കിടെയാണ് ഈ സന്ദർശനം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
നിലവിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുന്നുവെന്നതാണ് ജോസ് കെ മാണിയുടെ ഔദ്യോഗിക നിലപാട്. എന്നാൽ ഈ നിലപാടിൽ ക്രൈസ്തവ സഭകൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എൽഡിഎഫ് വിടാത്തതിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്താനും സർക്കാരുമായി സഭയ്ക്കുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനുമാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നാണ് സൂചന. മുന്നണി മാറ്റത്തിനായി സഭകൾ ഇടപെട്ടു എന്ന വാർത്തകളെ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിൽ മുന്നണി മാറ്റ ചർച്ചകൾ ഉയർന്നു വന്നതിനെതിരെ കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരമൊരു ചർച്ച അനാവശ്യമായിരുന്നുവെന്നും ഇത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നുമാണ് അംഗങ്ങളുടെ നിലപാട്. പാർട്ടി ചെയർമാനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
Content Highlights: Jose K Mani meets Kochi Latin Bishop Dr Antony Kattiparambil, Pacification move with Church amid UDF shift rumors, Kerala Congress M internal criticism.




















































