കൊച്ചി | 22, ജനുവരി | 2026
കൊച്ചി: ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ബിജെപി മുന്നണിയിലേക്ക് പ്രവേശിച്ചതിനെതിരെ രൂക്ഷമായ വിമർശനവുമായി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത കുന്നത്തുനാട്ടിലെ ജനങ്ങളെ സാബു പണയം വെച്ചിരിക്കുകയാണെന്നും ഇതിന് അദ്ദേഹം മാപ്പ് പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
സ്വന്തം കമ്പനിയെയും ബിസിനസ് താത്പര്യങ്ങളെയും സംരക്ഷിക്കാനാണ് സാബു ഈ രാഷ്ട്രീയ മാറ്റം നടത്തിയത്. രാഷ്ട്രീയ ലാഭത്തിനായി ജനവികാരം മുതലെടുക്കുന്ന ഒരു കച്ചവടക്കാരന്റെ മനസ്സാണ അദ്ദേഹത്തിനുള്ളതെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. ട്വന്റി-20 മത്സരിച്ച ഭൂരിഭാഗം ഇടങ്ങളിലും കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായത്തിന്റെ നിലനിൽപ്പിനായി അരാഷ്ട്രീയവാദം പ്രചരിപ്പിക്കുകയായിരുന്നു സാബുവെന്നും ഷിയാസ് ആരോപിച്ചു.
ട്വന്റി-20 ടിക്കറ്റിൽ ജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ ബിജെപിക്കൊപ്പം നിൽക്കില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഈ അംഗങ്ങളെ കോൺഗ്രസ് ഒപ്പം നിർത്തുമെന്നും അവരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലം സാബുവിനെയും ട്വന്റി-20യെയും സംരക്ഷിച്ച സിപിഐഎം ഈ വഞ്ചനയ്ക്ക് മറുപടി പറയണമെന്നും മുഹമ്മദ് ഷിയാസ് കൂട്ടിചേർത്തു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായുള്ള ചർച്ചകൾക്ക് പിന്നാലെയായിരുന്നു സാബു എം. ജേക്കബിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം.
Content Highlights
Ernakulam DCC President Mohammed Shiyas slams Sabu M. Jacob for joining hands with BJP.
Shiyas alleges Sabu mortgaged the votes of the people to protect his business interests.
Demand for an apology to the voters of Kunnathunad for the political shift.
Congress claims Twenty-20 local body members will not support BJP and invites them for talks.
Criticism against CPIM for allegedly protecting Twenty-20 in the past.




















































