തിരുവനന്തപുരം | 22, ജനുവരി | 2026
തിരുവനന്തപുരം: ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എൻഡിഎ മുന്നണിയിൽ ചേർന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സാബു എം. ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൈകോർക്കുന്നത് രാഷ്ട്രീയ നീക്കമല്ലെന്നും മറിച്ച് ഒരു ഒന്നാന്തരം ‘ബിസിനസ് മെർജർ’ (ബിസിനസ് ലയനം) ആണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ഒരാൾ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാൻ നോക്കുമ്പോൾ മറ്റൊരാൾ കോർപ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്ക്കെടുക്കാമെന്ന് മോഹിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ ശൈലിയാണെന്നും, ശരിക്കും ഇതൊരു ‘സ്ട്രാറ്റജിക് കോർപ്പറേറ്റ് പാർട്ണർഷിപ്പ്’ ആണെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. കമ്പനിയുടെ ഷെയർ ഹോൾഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടർമാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളെ വരുതിയിലാക്കുന്നത് പോലെ വോട്ടർമാരെയും നിയന്ത്രിക്കാമെന്ന് കരുതുന്ന മുതലാളിത്ത ബുദ്ധി കേരളത്തിൽ വിലപ്പോകില്ലെന്ന് സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകി. “മുതലാളിമാരേ, ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വർഗീയത കലർത്തിയോ വിലയ്ക്കെടുക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്”- സന്ദീപ് വാര്യർ കുറിച്ചു. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന ഈ ‘ഡീൽ രാഷ്ട്രീയം’ അറബിക്കടലിൽ തള്ളാൻ കേരളം തയ്യാറെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Content Highlights
Sandeep Varier mocks the alliance between Sabu M. Jacob and Rajeev Chandrasekhar as a ‘Business Merger’.
Alleges that the partnership prioritizes corporate interests over public welfare.
Compares the political move to a strategic corporate partnership focused on profit sharing.
Warns that Kerala’s politically conscious voters cannot be bought with kits or communalism.
The reaction comes after Twenty-20 announced its entry into the NDA fold.




















































