ന്യൂഡൽഹി | 23, ജനുവരി | 2026
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്ന സംഭവത്തിൽ വിശദീകരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. തന്നെ മോശക്കാരനാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് തന്നെ നന്നായറിയാമെന്നും വാർത്തകൾ പുറത്തുവിട്ട റിപ്പോർട്ടർ ടിവിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ന്യൂഡൽഹിയിൽ സംസാരിച്ചു.
2019-ൽ എം.പി ആയ ശേഷമാണ് പോറ്റിയെ കാണുന്നത്. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം തന്നെ കാണാൻ വന്നത്. ആ ചടങ്ങിൽ പങ്കെടുത്തു എന്നത് സത്യമാണ്. പിന്നീട് പോറ്റിയുടെ അച്ഛൻ മരിച്ചപ്പോഴാണ് വീട്ടിൽ പോയത്. അത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെത്തുടർന്നായിരുന്നു. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ പോയത് കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കൊപ്പമാണെന്നും തന്റെ മണ്ഡലത്തിലുള്ളവർ എന്ന നിലയിലുമാണ് സന്ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് നൽകിയ കവറിൽ ഈന്തപ്പഴമായിരുന്നുവെന്നും അത് അവിടെയുള്ളവർക്ക് തന്നെ നൽകിയതായും അദ്ദേഹം പറഞ്ഞു. പോറ്റി മോഷ്ടിച്ചതിന്റെ പങ്കാണ് ആ കവറിലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ കാണാൻ താൻ വഴി അവസരം ലഭിച്ചുവെന്ന പ്രചാരണം തെറ്റാണ്. താൻ വഴിയല്ല പോറ്റി അവിടെ എത്തിയത്. പോറ്റിക്ക് ഇതിനോടകം സോണിയാ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചിരുന്നുവെന്നും എം.പി എന്ന നിലയിൽ കൂടെ വരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlights
Adoor Prakash slams Reporter TV for broadcasting photos of him with gold theft accused Unnikrishnan Potti.
MP explains his acquaintance with Potti as part of public life and constituency visits.
Clarifies that the cover received from Potti contained dates, not any share of stolen property.
Denies allegations that he facilitated Potti’s meeting with Sonia Gandhi.
Asserts that attempts to tarnish his reputation will not succeed among the public.




















































