തിരുവനന്തപുരം | 25, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പുതിയ വഴിത്തിരിവ്. 2018-ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തെ സ്വർണ്ണക്കൊള്ളയ്ക്കുള്ള മറയാക്കി പ്രതികൾ ഉപയോഗിച്ചുവെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT). ആറാട്ടുത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് സ്വാഭാവികമായി നടന്ന ദേവപ്രശ്നത്തെ പിന്നീട് സ്വർണ്ണ മോഷണത്തിനുള്ള ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി അന്നത്തെ ദേവപ്രശ്നത്തിൽ പങ്കെടുത്ത പത്തോളം ദൈവജ്ഞരുടെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചു. കൂടാതെ, പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയണമെന്ന വിചിത്രമായ ആവശ്യം അന്നത്തെ ദേവപ്രശ്നത്തിൽ ഉയർന്നുവന്നത് ആരുടെ താല്പര്യപ്രകാരമാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്വർണ്ണപ്പാളികൾ മാറ്റുന്നതിനും നവീകരണത്തിനുമായി ദേവഹിതം അനുകൂലമാണെന്ന് വരുത്തിത്തീർക്കാൻ ഉന്നത ഉദ്യോഗസ്ഥരും പ്രതികളും ചേർന്ന് നടത്തിയ നീക്കമാണോ ഇതെന്ന് എസ്ഐടി അന്വേഷിക്കുന്നു. അക്കാലത്തെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
അതേസമയം, കേസിലെ പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) എസ്ഐടിക്ക് കത്തയച്ചു. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ചില ഉന്നതരുടെ പേരുകളുള്ളതിനാൽ, വിവരങ്ങൾ കൈമാറുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് എസ്ഐടി. എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മോഷ്ടിച്ച സ്വർണ്ണം കണ്ടെത്താത്തതാണ് പ്രധാന തടസ്സം. ഫെബ്രുവരി ഒന്നിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്.
Content Highlights
SIT suspects the 2018 Sabarimala ‘Devaprasnam’ was manipulated to facilitate the gold theft.
Around ten astrologers involved in the rituals will be questioned to uncover the conspiracy.
Investigators probe the origin of the proposal to build a temple at Ponnabalamedu, suspecting it as a tactical move.
Enforcement Directorate (ED) seeks the statements of the accused, including names of high-profile individuals mentioned by Unnikrishnan Potti.
Pressure mounts on SIT to file a charge sheet by February 1 to prevent the accused from securing bail.




















































