തിരുവനന്തപുരം | 25, ജനുവരി | 2026
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമില്ലെന്നും മറിച്ച് സർക്കാരിന് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നുമാണ് ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിനെതിരെ യുഡിഎഫ് പ്രചരിപ്പിക്കുന്ന കള്ളക്കഥകൾക്ക് മാധ്യമ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അത് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ ജാഗ്രതയുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെടെയുള്ള കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞു വീണിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തരം കുപ്രചരണങ്ങളിൽ വീണുപോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ഗൃഹസന്ദർശനത്തിനിടെ ജനങ്ങൾ തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരുത്തുമെന്നും എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ജനങ്ങൾ ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത ഗൃഹസന്ദർശനത്തിലൂടെ ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
CPIM State Secretary M.V. Govindan says there is no anti-incumbency sentiment against the LDF government.
House-to-house visits reveal strong public support, despite “false narratives” by the UDF and media.
Govindan alleges UDF is carrying out communal campaigns that threaten Kerala’s secularism.
Claims the Sabarimala gold theft allegations and other “fake stories” against the government have been exposed.
Expresses confidence that the public will rectify the “mistake” made in local body elections and support LDF in the upcoming Assembly polls.




















































