ഗുവാഹത്തി | 26, ജനുവരി | 2026
ഗുവാഹത്തി: ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ മിന്നും ജയവും പരമ്പരയും (3-0). ഗുവാഹത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം വെറും 10 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. അഭിഷേകിന്റെ വെടിക്കെട്ട് കണ്ട് അമ്പരന്ന ന്യൂസിലാൻഡ് താരങ്ങൾ മത്സരശേഷം അദ്ദേഹത്തിന്റെ ബാറ്റ് വാങ്ങി പരിശോധിക്കുന്ന കാഴ്ച കൗതുകമായി. അടുത്ത മത്സരത്തിൽ ഈ ബാറ്റ് ഒന്ന് കടം തരുമോ എന്ന് തമാശയായി ചോദിച്ചാണ് കിവീസ് താരങ്ങൾ ഇന്ത്യൻ ഓപ്പണറെ അഭിനന്ദിച്ചത്.
20 പന്തുകളിൽ നിന്ന് 7 ഫോറും 5 സിക്സുമടക്കം പുറത്താവാതെ 68 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. നേരിട്ട ഒരു പന്തിൽ പോലും ഡോട്ട് ബോൾ വഴങ്ങിയില്ലെന്ന പ്രത്യേകതയും ഈ ഇന്നിങ്സിനുണ്ട്. വെറും 14 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച താരം, ടി20യിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡും (യുവരാജ് സിങ്ങിന് പിന്നിൽ) സ്വന്തമാക്കി. പവർപ്ലേയിൽ ഇന്ത്യ നേടിയ 94 റൺസ് ടീം ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പവർപ്ലേ സ്കോറാണ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (26 പന്തിൽ 57*), ഇഷാൻ കിഷൻ (13 പന്തിൽ 28) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനെ 153/9 എന്ന സ്കോറിൽ ഒതുക്കുന്നതിൽ ഇന്ത്യൻ ബൗളർമാർ നിർണ്ണായക പങ്കുവഹിച്ചു. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി മാച്ച്. രവി ബിഷ്‌ണോയ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ (0) പുറത്തായെങ്കിലും അഭിഷേകിന്റെ ബാറ്റിംഗ് കൊടുങ്കാറ്റിൽ കിവീസ് ബൗളർമാർ നിഷ്പ്രഭരായി.
Content Highlights
India clinches the T20 series 3-0 against New Zealand with a dominant 8-wicket win in the 3rd match.
Abhishek Sharma scores an unbeaten 68 off 20 balls, hitting the second-fastest 50 for India (in 14 balls).
New Zealand players seen inspecting Abhishek’s bat after his explosive, dot-ball-free innings.
India chases down 154 runs in just 10 overs; Jasprit Bumrah stars with 3/17.
Suryakumar Yadav (57*) and Ishan Kishan (28) contribute to the record-breaking run chase.




















































