തിരുവനന്തപുരം | 26, ജനുവരി | 2026
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സിപിഐഎം സ്വാഗതം ചെയ്തു. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ വി.എസിന്റെ കുടുംബം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും പാർട്ടി നിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വി.എസിന് പുരസ്‌കാരം ലഭിച്ചതിൽ പാർട്ടിക്കും കുടുംബത്തിനും ഒരുപോലെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾ പത്മ പുരസ്‌കാരങ്ങൾ നിരസിച്ചത് അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നായിരുന്നു ഗോവിന്ദന്റെ പുതിയ വിശദീകരണം. വി.എസിന്റെ കുടുംബം പുരസ്‌കാരത്തിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനെ പാർട്ടി എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, കമ്മ്യൂണിസ്റ്റ് നേതാക്കൾ കേന്ദ്ര പുരസ്‌കാരങ്ങൾ നിരസിക്കുന്ന പതിവുരീതിയിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.
ഭരണകൂടം നൽകുന്ന ബഹുമതികൾ സ്വീകരിക്കേണ്ടതില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുൻപ് പല നേതാക്കളും പത്മ പുരസ്‌കാരങ്ങൾ നിരസിച്ചിരുന്നത്. 1992-ൽ നരസിംഹറാവു സർക്കാരിന്റെ കാലത്ത് ഇ.എം.എസും, 2022-ൽ ബുദ്ധദേബ് ഭട്ടാചാര്യയും ഇത്തരത്തിൽ പുരസ്‌കാരം വേണ്ടെന്നു വെച്ചിരുന്നു. എന്നാൽ വി.എസ് ഇന്ന് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിനുള്ള ആദരവിനെ വൈകാരികമായും രാഷ്ട്രീയമായും ഉൾക്കൊള്ളാനാണ് പാർട്ടിയുടെ തീരുമാനം. പത്മ പുരസ്‌കാരം ലഭിച്ചതിലും പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ടെന്ന് വി.എസിന്റെ മകൻ വി.എ. അരുൺ കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Content Highlights
- CPIM welcomes the posthumous Padma Vibhushan awarded to V.S. Achuthanandan.
- State Secretary M.V. Govindan clarifies that the party will support the family’s decision on accepting the award.
- Govindan describes previous instances of EMS and Buddhadeb rejecting the awards as their “individual stands.”
- This marks a significant policy shift as CPIM traditionally discouraged leaders from accepting state honours.
- VS’s son, V.A. Arunkumar, had expressed happiness over the recognition, ending uncertainty about the family’s stance.




















































