കൊച്ചി | 12, ഫെബ്രുവരി | 2026
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വൻ അഴിമതിയുടെ വേദിയായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെറും ഉച്ചയോടെ അവസാനിച്ച ഒരു സമ്മേളനത്തിനായി 7 കോടി രൂപ ചെലവാക്കിയത് വെട്ടിപ്പല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിലെ ഇടപാടുകളിൽ വൻ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യപ്പെട്ടതായും അതിന്റെ തെളിവാണ് അന്വേഷണത്തിന് കോടതി നൽകിയ നിർദ്ദേശമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വൻ പരാജയമായിരുന്ന അയ്യപ്പ സംഗമത്തെ പണം ധൂർത്തടിക്കാനുള്ള വേദിയായാണ് സർക്കാർ ഉപയോഗിച്ചത്. ഭക്തരുടെ പണവും ദേവസ്വം ഫണ്ടും ഇത്തരത്തിൽ നശിപ്പിക്കാൻ ആർക്കാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. പങ്കെടുത്ത ആളുകൾക്ക് നൽകിയ ഭക്ഷണത്തിന്റെ കണക്കിൽ പോലും വലിയ വെട്ടിപ്പ് നടന്നതായാണ് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അയ്യപ്പസംഗമത്തിലെ കണക്കുകളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ജി.എസ്.ടി., ഇൻപുട്ട് ടാക്സ് ഇനങ്ങളിൽ ഉൾപ്പെടെ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടപെടൽ. വരവുചെലവ് കണക്കുകളിൽ സംസ്ഥാന ഓഡിറ്റ് വകുപ്പും ഫെബ്രുവരി 27-നകം വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
Content Highlights
- Ramesh Chennithala alleges massive corruption in the Global Ayyappa Sangamam event.
- Over ₹7 crore was spent for a half-day event, leading to allegations of fund misuse.
- The High Court of Kerala seeks an explanation from the Travancore Devaswom Board regarding financial discrepancies.
- Audit reports highlighted inconsistencies in GST and input tax filings.
- Chennithala demands a detailed investigation into the food expenses and overall budget of the meet.




















































