തിരുവനന്തപുരം | 13, ഫെബ്രുവരി | 2026
ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക പൊരുത്തക്കേടുകളെ ചൊല്ലിയുള്ള വിവാദങ്ങളിൽ നിന്ന് കൈകഴുകി സിപിഎം. പരിപാടിയുടെ വരവുചെലവ് കണക്കുകൾ ശരിയാക്കേണ്ട ഉത്തരവാദിത്തം അത് നടത്തിയവർക്കാണെന്നും ഇതിൽ പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സാമ്പത്തിക പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നും വിവാദങ്ങളെ ന്യായീകരിക്കാൻ പാർട്ടി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ കണക്കുകളിൽ ഹൈക്കോടതി വിശദീകരണം തേടിയതോടെ സർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഗോവിന്ദന്റെ ഈ നിലപാട് മാറ്റം. പരിപാടിക്കായി ഊരാളുങ്കൽ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാർ നൽകിയത് ഉൾപ്പെടെയുള്ള ഗൗരവകരമായ കണ്ടെത്തലുകളാണ് സ്വതന്ത്ര ഓഡിറ്റിങ് റിപ്പോർട്ടിലുള്ളത്. സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും, സ്പോൺസർമാരിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം.
ദേവസ്വം ഫണ്ട് എടുക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സ് നടത്തിയ ഓഡിറ്റിംഗിലെ പൊരുത്തക്കേടുകളിൽ ഫെബ്രുവരി 27-നകം വിശദീകരണം നൽകാൻ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയമായും സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
Content Highlights
- CPIM State Secretary M.V. Govindan distances the party from the Global Ayyappa Sangamam financial controversy.
- Govindan states that those responsible must justify the accounts and the party has no liability.
- High Court seeks explanation on financial discrepancies by February 27.
- Audit report highlights tendering issues and a lack of sponsorship funds, leading to massive losses.
- Violation of court order regarding the use of Devaswom funds is under scrutiny.




















































