കൊച്ചി I ഡിസംബർ 16, 2025
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ വിധിന്യായത്തിനെതിരായ പ്രോസിക്യൂഷൻ്റെ അപ്പീൽ നടപടികൾ ആരംഭിച്ചു. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും സർക്കാർ ചോദ്യം ചെയ്യുക.
കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായും, ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും സൂചനയുണ്ട്.
ഊമക്കത്തും കോടതിയുടെ ചോദ്യങ്ങളും
വിധി പ്രസ്താവിക്കുന്നതിനു മുൻപ് വിധിയിലെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചു എന്നെല്ലാമായിരുന്നു ഊമക്കത്തിലെ പ്രധാന ആരോപണം.
കൂടാതെ, ദിലീപിന്റെ ക്വട്ടേഷനെന്ന പ്രോസിക്യൂഷൻ വാദം സ്ഥാപിക്കാൻ ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും കൃത്യത്തിനുമപ്പുറം മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് എന്നതിന് ആദ്യഘട്ട റിപ്പോർട്ടിൽ സൂചനയില്ലെന്നും, ജയിലിൽ കിടന്ന് പൾസർ സുനി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യഘട്ട കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ദിലീപ് അടക്കമുള്ളവരുടെ വെറുതെവിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.
Highlight Actress Assault Case: Appeal proceedings initiated against Trial Court verdict; Prosecution to challenge acquittal of Dileep and others.




















































