തിരുവനന്തപുരം | 22, ജനുവരി | 2026
മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം.
ബാബു മാത്യു പി. ജോസഫിന് പുതിയ പദവി നൽകാനുള്ള സർക്കാർ നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു. ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി ഇദ്ദേഹത്തെ നിയമിക്കാൻ മുൻപ് ശ്രമം നടന്നിരുന്നെങ്കിലും ദുരിതാശ്വാസ നിധി കേസിലെ പരാതിക്കാരൻ ഇതിനെതിരെ രംഗത്തുവന്നതോടെ സർക്കാർ ആ നീക്കം ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെട്ട കേസിൽ അനുകൂല വിധി നൽകിയതിനുള്ള ‘ഉപകാരസ്മരണ’യാണ് പുതിയ നിയമനമെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
നേരത്തെ ഉപലോകായുക്തയായിരുന്ന കാലത്ത് ബാബു മാത്യു പി. ജോസഫ് ഉൾപ്പെട്ട ബെഞ്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വകമാറ്റിയെന്ന പരാതി തള്ളിയത്. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പുതിയ പദവി നൽകുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
Content Highlights: Former Deputy Lokayukta Babu Mathew P Joseph appointed as Local Body Ombudsman, CMDRF case verdict background, Kerala cabinet decision.




















































