കോഴിക്കോട് | 19, ജനുവരി | 2026.
കോഴിക്കോട് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായതെന്നും സോഷ്യൽ മീഡിയയിലെ വിചാരണയാണ് മരണത്തിന് കാരണമായതെന്നും അവർ തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പിലെ പ്രധാന കാര്യങ്ങൾ…
പ്രതികരണം ഉടൻ വേണമായിരുന്നു: അയാൾ മോശമായി പെരുമാറിയെന്ന് പെൺകുട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കൂടി കാണിക്കണമായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ഒരാൾ ശരീരത്തിൽ സ്പർശിക്കുമ്പോൾ പെരുമാറ്റത്തിൽ ഭാവവ്യത്യാസം ഉണ്ടാകുമെന്നും എന്നാൽ വീഡിയോയിൽ അതൊന്നും പ്രകടമല്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയാ വിചാരണ: അയാൾ മരിച്ചില്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാളെ ക്രൂരമായി അധിക്ഷേപിച്ചവരും വീഡിയോ പ്രചരിപ്പിച്ചവരും ആ മരണത്തിന് ഉത്തരവാദികളാണ്.
വൈറൽ ഭ്രമം: വൈറൽ ആകാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമുണ്ട്. വ്യക്തമായ ചോദ്യങ്ങളില്ലാതെ, അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.
ബസിനുള്ളിൽ വെച്ച് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് മാങ്കാവ് സ്വദേശി ദീപക് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ദീപക്കിനെതിരെ നടന്ന സൈബർ ആക്രമണത്തിലും മാനസിക വിഷമത്തിലുമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ചർച്ചയാകുന്നത്.
Content Highlights
Dubbing artist Bhagyalakshmi reacts to the suicide of Deepak following harassment allegations on a bus.
Criticizes the woman for recording a video instead of reacting or complaining legally if she was harassed.
Blames social media users and influencers for their roles in the “character assassination” and subsequent tragedy.
Highlights the dangers of “viral culture” where a person is judged before their side of the story is heard.
Points out that the accused person had to sacrifice his life to prove his innocence.




















































