തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുത്തു. കോടതി വിധി ലംഘിച്ചതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി.
അനുമതിയില്ലാതെ കൊടികളും ബോർഡുകളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് നഗരസഭ നേരത്തെ 20 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെ സ്വന്തം ജില്ലാ പ്രസിഡന്റിന് നോട്ടീസ് അയച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പാതയോരങ്ങളിലും ഡിവൈഡറുകളിലും നടപ്പാതകൾക്ക് കുറുകെയും വൻതോതിൽ ബോർഡുകൾ സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി വ്യാപക പരാതി ഉയർന്നിരുന്നു.
ബോർഡുകൾ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് നഗരസഭ നിർദ്ദേശിച്ചെങ്കിലും ഭാഗികമായ മാറ്റങ്ങൾ മാത്രമാണ് പാർട്ടി വരുത്തിയത്. ഇതേത്തുടർന്നാണ് നഗരസഭാ സെക്രട്ടറി നിയമനടപടികളുമായി മുന്നോട്ട് പോയത്. പിഴ അടയ്ക്കാതിരുന്നാൽ റവന്യൂ വകുപ്പ് വഴി ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
content Highlights
Case registered against BJP District President Karamana Jayan for unauthorized flex boards.
Complaint filed by Thiruvananthapuram Corporation Secretary citing violation of court orders.
BJP-led Corporation earlier imposed a ₹20 lakh fine on the party’s city district committee.
Boards were placed across footpaths and dividers during PM Modi’s visit to the capital.
Revenue recovery proceedings may follow if the fine remains unpaid after subsequent notices.




















































