ന്യൂസ് ഡെസ്ക് | Thursday, 4th December 2025
തിരുവനന്തപുരം ചിറയിൻകീഴ് വലിയേലയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു. വലിയേല ബ്രാഞ്ച് സെക്രട്ടറി എം.എസ്. ഭവനിൽ സുധീഷ് (32), സിപിഐഎം പ്രവർത്തകനായ സുഹൃത്ത് റിയാസ് (28) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 9:30-ഓടെയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന ആരോപണം
ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം.കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ സുധീഷ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.മുതുകിന് കുത്തേറ്റ റിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടാക്രമണത്തിന് പിന്നാലെ സംഘർഷം
സംഭവത്തിന്റെ തുടക്കം സുധീഷിന്റെ വീടിന് നേർക്കുണ്ടായ ആക്രമണമാണ്. മൂന്നംഗ സംഘം വീടിന്റെ ജനൽചില്ലുകൾ അടിച്ചു തകർക്കുമ്പോൾ സുധീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് സുധീഷും റിയാസും അക്രമികളെ അന്വേഷിക്കുന്നതിനിടെ അടുത്തുള്ള വൃദ്ധസദനത്തിന് സമീപത്ത് വെച്ച് സംഘത്തെ കണ്ടെത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഇവർക്ക് കുത്തേറ്റത്.
സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.




















































