തിരുവനന്തപുരം | 26, ഡിസംബർ | 2025
തിരുവനന്തപുരം കോർപ്പറേഷൻ നിയുക്ത മേയർ വി വി രാജേഷിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അറിയിച്ചു. കേരളത്തിലെ ആദ്യത്തെ ബിജെപി മേയറായി രാജേഷ് ചരിത്രം കുറിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ആശംസകൾ നേരിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായിരുന്നു മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശംസ അറിയിച്ചത്.
തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. അവസാന നിമിഷം വരെയും ശ്രീലേഖയുടെ പേരാണ് ഉയർന്നുകേട്ടിരുന്നത്. എന്നാൽ പെട്ടെന്നാണ് തീരുമാനം വി വി രാജേഷിന് അനുകൂലമായത്. വി മുരളീധരന്റെ ഇടപെടലാണ് വി വി രാജേഷിന് വഴിയൊരുക്കിയത്. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വഴിയാണ് വി മുരളീധരൻ ഈ നീക്കം നടത്തിയത്.
പദവികൾ ലഭിക്കാൻ തുടങ്ങുമ്പോൾ അവ സെലിബ്രിറ്റികൾക്ക് നൽകരുതെന്നും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ആളുകൾക്ക് അവ നൽകണമെന്നുമായിരുന്നു വി മുരളീധരന്റെ വാദം. ഇത് കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയായിരുന്നു രാജേഷിന് അവസരം ലഭിച്ചത്. ശ്രീലേഖയുടെ പേര് തള്ളപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
അതേസമയം അൽപ്പ സമയത്തിനകം സംസ്ഥാനത്തെ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് പൂർത്തിയാകും. കൊല്ലം കോർപ്പറേഷനിൽ എ കെ ഹഫീസും കൊച്ചി കോർപ്പറേഷനിൽ അഡ്വ. വി കെ മിനിമോളും തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ ഡോ. നിജി ജസ്റ്റിനും കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവനും കണ്ണൂർ കോർപ്പറേഷനിൽ പി ഇന്ദിരയും മേയറാകും.
Content Highlights: CM Pinarayi Vijayan calls and wishes VV Rajesh, first BJP Mayor in Kerala history, phone call made before mayor election, CM congratulates on historic achievement in Thiruvananthapuram Corporation




















































