തിരുവല്ല | 17, ജനുവരി | 2026.
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യാപേക്ഷ തള്ളിയ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി വിധിയിലെ നിർണ്ണായക വിവരങ്ങൾ പുറത്ത്. രാഹുലും യുവതിയും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. നിലവിൽ എം.എൽ.എയ്ക്ക് എതിരെ ഉയർന്നിട്ടുള്ള പരാതികൾ അതീവ ഗൗരവമുള്ളതാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
കോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
ബലാത്സംഗ കുറ്റം നിലനിൽക്കും: ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്ന രാഹുലിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി കണ്ടെത്തി.
സ്വാധീനിക്കാൻ സാധ്യത: പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായതിനാൽ ജാമ്യം നൽകിയാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.
സൈബർ ആക്രമണം: അതിജീവിതയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിൽ നടന്ന സൈബർ ആക്രമണങ്ങളെ കോടതി ഗൗരവമായി കണ്ടു. ഇരയെ അധിക്ഷേപിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും വിധിയിലുണ്ട്.
നിരന്തര കുറ്റവാളി: സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതി മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു.
തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. അടച്ചിട്ട മുറിയിൽ നടന്ന ദീർഘമായ വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവി ഹാജരായി. മജിസ്‌ട്രേറ്റ് കോടതി വിധി തിരിച്ചടിയായ സാഹചര്യത്തിൽ തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനാണ് രാഹുലിന്റെ തീരുമാനം.
Content Highlights
Thiruvalla Magistrate Court rejects Rahul Mamkootathil’s bail plea in the third rape case.
Court clarifies that the relationship was not consensual and the rape charge stands.
The judge observed that as an MLA, the accused might influence witnesses and destroy evidence if granted bail.
Serious concern was raised regarding the cyberattacks targeting the survivor’s privacy.
Rahul plans to approach the Sessions Court on Monday after this legal blow.




















































