തിരുവനന്തപുരം | 17, ജനുവരി | 2026.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയിൽ ജനങ്ങളിൽ നിന്ന് ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയുമായി സി.പി.ഐ.എം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നേതാവായ എ. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതടക്കമുള്ള ചോദ്യങ്ങൾക്കാണ് കുറിപ്പിലൂടെ പാർട്ടി വിശദീകരണം നൽകുന്നത്.
ഹൈക്കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. കുറ്റം ചെയ്തവർ ആരായാലും രക്ഷപ്പെടില്ല എന്നതാണ് സർക്കാരിന്റെ നയം. തന്ത്രിയും മുൻ ദേവസ്വം പ്രസിഡന്റുമാരും അടക്കം അറസ്റ്റിലായത് ഇതിന്റെ തെളിവാണ്. പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം കുറ്റപത്രം വരുന്നതോടെ വ്യക്തമാകുമെന്നും, ആ ഘട്ടത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും വിശദീകരണമുണ്ട്. യു.ഡി.എഫ് നേതാക്കൾക്കൊപ്പം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതും രാഷ്ട്രീയമായി ആയുധമാക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗൃഹസന്ദർശന വേളയിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടവും പാർട്ടി ആവർത്തിച്ചു നൽകി. വീടുകളിൽ ചെല്ലുമ്പോൾ ജനങ്ങളുമായി തർക്കിക്കരുത്, വിമർശനങ്ങൾ ക്ഷമയോടെ കേൾക്കണം, ഇടയ്ക്ക് കയറി സംസാരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. രാഷ്ട്രീയത്തിനപ്പുറം വർഗ്ഗീയ സംഘടനകളെ വിമർശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ലെന്ന് ബോധ്യപ്പെടുത്താനും ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടാനും പ്രവർത്തകർ ശ്രദ്ധിക്കണം.
Content Highlights
CPIM issues a detailed guide for workers on answering public queries during house visits.
Explains the delay in action against A. Padmakumar, stating a decision will be made after the chargesheet.
Emphasizes that the Sabarimala gold case investigation is strictly under High Court supervision.
Counters UDF by pointing out alleged links between gold theft accused and opposition leaders.
Reinstates code of conduct: avoid arguments, listen to public grievances, and explain the stand on communalism.




















































