Palakkad | November 30, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ സൈബർ പൊലീസ് കേസെടുത്തു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഓരോ ജില്ലയിലും കേസെടുക്കാനാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ നിർദേശം.
സൈബർ ആക്രമണത്തിൽ അറസ്റ്റുകളുണ്ടാകുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും എഡിജിപി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ നടത്തിയ ആക്രമണങ്ങളാണ് കേസിൽ പരിഗണിക്കുന്നത്.
രാഹുലിന്റെ ഫ്ലാറ്റിൽ എസ്ഐടി പരിശോധന
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി എസ്ഐടി സംഘം കോയമ്പത്തൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. പാലക്കാട് കുന്നത്തൂർ മേട്ടിലുള്ള രാഹുലിന്റെ ഫ്ലാറ്റിൽ എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി.
മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ ശ്രമം. ഇതിനായുള്ള നിർണായക അന്വേഷണമാണ് നടക്കുന്നത്.
രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വീണ്ടും അഞ്ചംഗ സംഘം സ്വകാര്യ വാഹനത്തിൽ ഫ്ലാറ്റിലെത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം പരിശോധിച്ചു. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. എന്നാൽ, പരാതിക്കാരി രാഹുലിന്റെ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചില്ല.
സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഹുലിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.



















































