വെല്ലിംഗ്ടൺ I ഡിസംബർ 18, 2025
ഐപിഎൽ 2026 മിനി താരലേലത്തിൽ വാങ്ങാൻ ആരുമില്ലാതെ പോയതിന്റെ നിരാശ ബാറ്റ് കൊണ്ട് തീർത്ത് ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിക്കരികെ എത്തിനിൽക്കുകയാണ് ഈ ഇടങ്കയ്യൻ ബാറ്റർ. ലേലത്തിൽ അൺസോൾഡായതിന് തൊട്ടുപിന്നാലെ കോൺവെ നടത്തിയ ഈ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
വിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന ശക്തമായ നിലയിലാണ്. 279 പന്തിൽ നിന്ന് 25 ഫോറുകൾ ഉൾപ്പെടെ 178 റൺസുമായി കോൺവെ ക്രീസിലുണ്ട്. ക്യാപ്റ്റൻ ടോം ലാതമും (137) സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി.
2022 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്നു കോൺവെ. എന്നാൽ ഇത്തവണ സിഎസ്കെ താരത്തെ ഒഴിവാക്കുകയും ലേലത്തിൽ മറ്റ് ടീമുകൾ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്തു. ഐപിഎല്ലിൽ 43.2 ശരാശരിയിൽ 1080 റൺസ് നേടിയ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടായിട്ടും അവഗണിക്കപ്പെട്ട കോൺവെയുടെ ഈ ഇന്നിങ്സ് ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള മറുപടിയായാണ് ആരാധകർ കാണുന്നത്.
Content Highlight: New Zealand opener Devon Conway nears a double century against West Indies in the 3rd Test, shortly after being unsold in the IPL 2026 mini-auction.




















































