കണ്ണൂർ | 13, ജനുവരി | 2026
നിഗൂഢമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് റിട്ടയേർഡ് ബാങ്ക് മാനേജറെ അതിവിദഗ്ദമായി രക്ഷിച്ച് കണ്ണൂർ സൈബർ പൊലീസ്. തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് സൈബർ ക്രിമിനലുകൾ കുടുക്കാൻ ശ്രമിച്ചത്. എന്നാൽ പ്രമോദിന്റെ ജാഗ്രതയും പൊലീസിന്റെ കൃത്യസമയത്തെ ഇടപെടലും വലിയൊരു സാമ്പത്തിക നഷ്ടം ഒഴിവാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രമോദിന് ഫോൺ കോൾ വരുന്നത്. എൻ.ഐ.എ പിടികൂടിയ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ അക്കൗണ്ടുമായി പ്രമോദിന് ബന്ധമുണ്ടെന്നും അതിനാൽ ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നുമായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്. അപകടം മണത്ത പ്രമോദ് ഉടൻ തന്നെ സൈബർ പൊലീസുമായി ബന്ധപ്പെട്ടു.
തുടർന്ന് സൈബർ ഉദ്യോഗസ്ഥർ പ്രമോദിന്റെ വീട്ടിലെത്തുകയും തട്ടിപ്പുകാരെ തിരിച്ചു വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സർക്കാർ ഓഫീസിന് സമാനമായ പശ്ചാത്തലത്തിൽ പോലീസ് യൂണിഫോം ധരിച്ച ഒരാളാണ് വീഡിയോ കോളിൽ വന്നത്. മലയാളത്തിൽ സംസാരിച്ച ഇയാൾ അറസ്റ്റ് നടപടികൾ വിശദീകരിക്കുന്നതിനിടെ സൈബർ പോലീസ് ഫോണിൽ ഇടപെടുകയും തട്ടിപ്പ് പൊളിക്കുകയുമായിരുന്നു. “ഞങ്ങൾ മൊത്തം ടീമുണ്ട്, നീ എവിടെയാ?” എന്ന പൊലീസുകാരുടെ ചോദ്യത്തിന് മുന്നിൽ തട്ടിപ്പുകാരൻ പതറിപ്പോയി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കണ്ണൂർ തളാപ്പിൽ സമാനമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒരു സ്വദേശിക്ക് 15 ലക്ഷം രൂപ നഷ്ടമായി. ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന നരേഷ് ഗോയൽ മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ദിവസം മുഴുവൻ നിരീക്ഷണത്തിൽ നിർത്തിയ ശേഷമാണ് പണം തട്ടിയെടുത്തത്. ഈ രണ്ട് സംഭവങ്ങളിലും സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Content Highlights:
Retired bank manager in Kannur escapes digital arrest scam with help of cyber police; Fraudsters alleged PFI links to trap victim; Another resident loses 15 lakh in Talap.




















































