പാലക്കാട് | 22, ജനുവരി | 2026
പാലക്കാട് മുടപ്പല്ലൂരിൽ വായ്പാ കുടിശ്ശികയെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് ഡിവൈഎഫ്ഐ. മുടപ്പല്ലൂർ കള്ളിത്തോട് സ്വദേശി സ്വാമിനാഥന്റെ വീടാണ് ഇന്ന് ഉച്ചയോടെ ജപ്തി ചെയ്തത്. കുഞ്ഞുങ്ങളടക്കമുള്ള കുടുംബാംഗങ്ങളെ പുറത്താക്കി വീട് സീൽ ചെയ്ത നടപടിക്കെതിരെ വൈകിട്ടോടെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്വകാര്യ സ്ഥാപനം ജപ്തി നടപടികൾ പൂർത്തിയാക്കിയത്. തുക തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. വീടിന് പുറത്ത് കുഞ്ഞുങ്ങളടക്കം കുടുംബം പെരുവഴിയിലായ വിവരം അറിഞ്ഞെത്തിയ മുടപ്പല്ലൂർ, വടക്കഞ്ചേരി മേഖലകളിലെ ഡിവൈഎഫ്ഐ പ്രവർത്തകർ വീടിന്റെ പൂട്ടുപൊളിച്ച് കുടുംബത്തെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു.
മാനുഷിക പരിഗണനയില്ലാതെ നടത്തിയ ജപ്തി നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. സംഭവത്തിൽ ജപ്തി നടത്തിയ സ്ഥാപനത്തിനെതിരെ നാളെ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകാനാണ് കുടുംബത്തിന്റെയും പ്രവർത്തകരുടെയും തീരുമാനം.
Content Highlights: Private firm seizes house and evicts family, DYFI breaks the lock at Palakkad Mudappallur, Loan recovery protest.




















































