സ്പോർട്സ് ഡെസ്ക് | Friday, 5th December 2025
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ, ടീം മാനേജ്മെന്റിനും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗർക്കർ എന്നിവർക്കെതിരെയാണ് വിമർശനം.
കോഹ്ലിക്കും രോഹിത്തിനും ഫിറ്റ്നസ് നിബന്ധന
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഫിറ്റ്നസ് തെളിയിക്കുന്നതിനായി വിജയ് ഹസാരെ ട്രോഫി ടൂർണമെന്റ് കളിക്കണമെന്ന് സെലക്ടർമാർ നിബന്ധന വെച്ചതാണ് ഹർഭജൻ സിങ്ങിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ ടീം മോശം പ്രകടനം തുടരുന്നതിനിടയിലാണ് ഈ നീക്കം.
ഹർഭജൻ സിങ്ങിന്റെ വാക്കുകൾ
”ഇതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനും ഒരു കളിക്കാരനാണ്. എനിക്കും എന്റെ സഹതാരങ്ങൾക്കും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെ നിർഭാഗ്യകരമാണ്. വിരാട് കോഹ്ലിയെപ്പോലെ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു കളിക്കാരനെ കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്.”
”എന്നാൽ, കരിയറിൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കാത്ത ആളുകൾ, കഴിവുള്ള കളിക്കാർ ആയ കോഹ്ലിയുടെയും രോഹിത്തിന്റെയും ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നത് അൽപ്പം നിർഭാഗ്യകരമാണ്.”
ഇന്ത്യ തോറ്റു: ബൗളർമാർക്കെതിരെ വിമർശനം
സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ എന്നിവർ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ, പരിശീലകനും സെലക്ടർമാർക്കും എതിരെ വൻ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.




















































